© Bivin Lal Photography

ഒരു തിരനോട്ടം

2005 മുതൽ Documentation ആവശ്യങ്ങൾക്കായി ഫോട്ടോ എടുക്കാറുണ്ടയിരുന്നുവെങ്കിലും സ്വന്തമായി ഒരു DSLR വാങ്ങിയത് 2012 ഡിസംബറിൽ ആണ്. കുറച്ച് പ്രകൃതി ദൃശ്യങ്ങൾ പിന്നെ ഈച്ചയുടേയും തുമ്പിയുടേയും മക്രോ ചിത്രങ്ങളും അത്രയും ആയിരുന്നു സ്വന്തം ക്യാമറ ഉപയോഗിച്ച് അതുവരെയുള്ള Photography Eexperience. ആ സമയത്താണ് അടുത്ത സുഹൃത്തും നാട്ടുകാരനുമായ Sivakumar Ks തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ഒരു ഡാൻസ് ഫെസ്റ്റിലേയ്ക്ക് ക്ഷണിച്ചത്. അതു വരെ കലാപരിപാടികളുടെ ഫോട്ടോയെടുത്ത് ഒരു പരിചയവും ഇല്ലാതിരുന്നതിന്റെ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി കൃത്യ സമയത്ത് തന്ന Vyloppilli Samskrithi Bhavan ൽ എത്തി.

നിറഞ്ഞ സദസ്സ്, ഡാൻസ് ആരംഭിക്കാൻ പോകുന്നതേ ഉള്ളൂ. എവിടെ നിന്ന് എങ്ങനെ ഫോട്ടോ എടുക്കണം എന്ന് ഒരു രൂപവും ഇല്ല. പിന്നെ രണ്ടും കല്പിപ്പ് മുൻനിരയിൽ ഒഴിഞ്ഞുകിടന്ന ഒരു കസേരയിൽ ഇരുപ്പുറപ്പിച്ച് ക്യാമറ എടുത്ത് പരിപാടി ആരംഭിക്കുന്നതും കാത്തിരുന്നു. അധികം വൈകാതെ തന്നെ നൃത്തം ആരംഭിച്ചു. അതോടെ ക്യാമറ എടുത്ത് ഞാനും ക്ലിക്കി തുടങ്ങി. കുറച്ച് സഭാകമ്പവും ജാള്യതയും ഉള്ളത് കൊണ്ട് വളരെ പതുങ്ങി ഇരുന്നാണ് ഫോട്ടോ പിടുത്തം.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരാൾ സ്റ്റേജിന്റെ ഇടതു വശത്ത് നിന്ന് മോണോ പോഡിൽ ക്യാമറ ഫിറ്റ് ചെയ്ത് പടം പിടിക്കുന്നു. നൃത്തം ചെയ്യുന്ന നർത്തകിയുടെ ചലനത്തിനൊത്ത് ചരിഞ്ഞും നിവർന്നും നിന്ന് വളരെ മുഴുകിയാണ് പടം പിടുത്തം. ഇയാളെന്തിനാ സൈഡിൽ പോയി നിന്ന് ഫോട്ടോ എടുക്കുന്നത്, മുന്നിൽ നിന്നും എടുത്താൽ പോരെ അങ്ങനെ ഒരു സംശയം ശരിക്കും തോന്നി. അല്പം കഴിഞ്ഞപ്പോൾ പുള്ളിക്കാരനെ കാണാനില്ല. ഇടക്ക് ഒരു ഗ്യാപ് കിട്ടി തിരിഞ്ഞ് നോക്കിയപ്പോ കക്ഷി സദസ്സിന് ഏറ്റവും പുറകിലുണ്ട്. വീണ്ടും ഡാൻസ് തുടങ്ങിയപ്പോൾ പുള്ളി സ്റ്റേജിന്റെ വലതു വശത്തു വന്ന് നിന്ന് ഫോട്ടോ പിടുത്തം തുടങ്ങി. ഉള്ളിൽ കുറച്ച് പരിഭ്രമം ഉണ്ടെങ്കിലും പുള്ളിക്കാരന്റെ സാന്നിദ്ധ്യം തന്ന ഒരു ധൈര്യത്തിൽ ഞാനും കസേരയിൽ നിന്നും എഴുന്നേറ്റ് സ്റ്റേജിന്റെ ഇടതു വശത്ത് പുള്ളിക്കാരൻ ആദ്യം നിന്ന സ്ഥലത്ത് പോയി നിന്ന് പടം പിടുത്തം തുടങ്ങി. അദ്യത്തെ ക്ലിക്ക് തന്നെ എന്നെ ഞെട്ടിച്ചു. ഇത്രയും നേരം സ്റ്റേജിന് മുൻപിലിരുന്ന് ഞാൻ എടുത്ത ചിത്രങ്ങൾ പോലെയല്ല അത്. നല്ല കറുത്ത ബാക്ഗ്രൗണ്ടിൽ നർത്തകിയുടെ നല്ല തെളിഞ്ഞ രുപം. അപ്പോഴാണ് പുള്ളിക്കാരൻ സൈഡിൽ നിന്നും പടം പിടിച്ചതിന്റെ രഹസ്യം മനസ്സിലായത്. അപ്പോഴേയ്ക്കും തിരിച്ച് പോകേണ്ട ട്രെയിനിന്റെ സമയം ആയതു കാരണം പടം പിടുത്തം അവസാനിപ്പിച്ച് പുറത്തിറങ്ങാൻ നേരം വാതിലിന് അടുത്ത് നിന്ന പുള്ളിക്കാരനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പുളളിയും എന്നെ നോക്കി ഒന്ന് ചിരിച്ചു.

ഇപ്പോൾ വർഷങ്ങൾക്കിപ്പുറം നിന്ന് ഒന്നു തിരിഞ്ഞു നോക്കുമ്പോൾ നന്നായി തിരിച്ചറിയുന്നു ആ ദിവസത്തെ അനുഭവം അത് എത്ര നിർണ്ണായകമായിരുന്നുവെന്ന്. അന്ന് അത് ഒരു തുടക്കമായിരുന്നു. നൃത്തവേദികളിലേക്ക് എത്താൻ വെമ്പുന്ന കാത്തിരിപ്പിന്റെ തുടക്കം. നിരവധി നല്ല ചിത്രങ്ങൾക്കൊപ്പം ഒത്തിരി നല്ല സൗഹൃദങ്ങളേയും സമ്മാനിച്ചു തുടർന്നുളള ഓരോ കലാസന്ധ്യകളും.
പ്രശസ്ത നർത്തകി വിനീത നെടുങ്ങാടി ( Vinitha Nedungadi ) ആയിരുന്നു അന്ന് ആദ്യത്തെ ആ നൃത്തസന്ധ്യയിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. കാവാലം നാരായണപ്പണിക്കർ സാർ എഴുതിയ കസ്തൂരിമാനിനെ ചിട്ടപ്പെടുത്തി അന്ന് അവതരിപ്പിച്ചിരുന്നു. ക്ലാസിക്കൽ നൃത്തരൂപങ്ങളെക്കുറിച്ച് ഒന്നും അറിയാതിരുന്നിട്ടു കൂടി വീണ്ടും നൃത്തവേദികളിലേക്ക് എത്താൻ പ്രചോദനമായത് കസ്തൂരിമാൻ തന്നെയാണ്.

ഉള്ളിലുണ്ടായിരുന്ന ജാള്യതയും പരുങ്ങലും ഒക്കെ അവഗണിച്ച് പടം പിടിക്കാൻ ഊർജ്ജം പകർന്ന ആ ഫോട്ടോഗ്രാഫറെ തുടർന്നുള്ള നിരവധി വേദികളിൽ കണ്ടുമുട്ടി. Keralakaumudiയുടെ പ്രസ്സ് ഫോട്ടോഗ്രാഫർ സുഭാഷ് കുമാരപുരം ( Subhash Kumarapuram ) ആയിരുന്നു ആ പടം പിടുത്തക്കാരൻ. ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായിരുന്ന നിരവധി സൗഹൃദങ്ങൾ പലകാരണങ്ങളാലോ ഒരു കാരണവും ഇല്ലാതെ തന്നെയോ അകന്നുപോയപ്പോഴും ഇപ്പോഴും നിലനിനിൽക്കുന്ന ഹൃദ്യവും ഊഷ്മളവുമായ സൗഹൃദങ്ങളിലൊന്നാണ് സുഭാഷേട്ടൻ.

Leave a comment

error: © Bivin Lal Photography