© Bivin Lal Photography

മകന്റെ അച്ഛന്‍

കനത്ത മഴക്കാര്‍ മൂടി പ്രകൃതി ആകെ ഇരുണ്ടു മൂടിയിട്ടും ഭംഗിയൊട്ടും കുറയാത്ത നെയ്യാറിന്റെ തീരഭംഗി ആസ്വദിച്ച് മറുകരയിലെ സഫാരി പാര്‍ക്കിലെത്തിയപ്പോള്‍ പതിവുപോലെ അതൊന്നും ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്തതിന്റെ നിരാശ ഒരു ചെറുവേദനയായി മനസ്സില്‍ എത്തിനോക്കുന്നുണ്ടായിരിന്നു.

ഒരു വിനോദയാത്രക്കു വന്നതാണ്. എങ്കിലും യാത്ര ആസ്വദിക്കുന്നതിനേക്കാള്‍ ആ യാത്രയുടെ നല്ല നിമിഷങ്ങള്‍ ഫ്രെയിമുകളായി മാറ്റുയെടുക്കാനാണ് ഓരോനിമിഷവും എന്റെ ശ്രമം. നെയ്യാറിന്റെ തീരങ്ങളില്‍ ഓളങ്ങള്‍ തീര്‍ത്ത് ബോട്ട് മറുകര എത്തിയപ്പോള്‍ സഫാരി പാര്‍ക്കിലേക്കുപോകുന്ന മിനി ബസ്സ് യാത്രക്കു തയ്യാറായി നില്‍ക്കുന്നു.

സൈഡ് സീറ്റില്‍ ഇരിക്കാന്‍ ആഗ്രഹിച്ചെങ്കിലും കിട്ടിയത് ഏറ്റവും പിന്നിലെ സീറ്റ്. സൂം ലെന്‍സ് ഉണ്ടല്ലോ എന്ന് സമാധാനിച്ച് ക്യാമയുമായി സീറ്റില്‍ ഇരുന്നപ്പോഴേക്കും ബസ്സ് മുന്നോട്ട് ചലിച്ചു. പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ ബസ്സ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍, സഫാരി പാര്‍ക്കിന്റെ ചരിത്രത്തെ പറ്റിയും പാര്‍ക്കിന് അകത്ത് പാലിക്കേണ്ട കാര്യങ്ങളെകുറിച്ചും വാചാലനായി. മലയാളത്തിലുള്ള പുള്ളിക്കാരന്റെ പ്രഭാഷണം മനസ്സിലാകാതെ “ട്രാന്‍സിലേഷന്‍ പ്ലീസ് ” എന്ന് ഉത്തരേന്ത്യക്കാരിയായ ഒരു വനിത ഒത്തിരി വട്ടം വിളിച്ചു പറഞ്ഞത് പുള്ളിക്കാരന്‍ കേള്‍ക്കാത്തതോ അതോ മനപ്പൂര്‍വ്വം കേള്‍ക്കാതെ ഇരുന്നതോ എന്ന ചിന്ത എന്നെ നോക്കി ചെറുതായിചിരിച്ചു. എന്തായാലും അധികം വൈകാതെ തന്നെ പുള്ളിക്കാരന്‍ ബസ്സ് ഓടിച്ചു തുടങ്ങി.

പിന്നിലേക്ക് തെന്നിമാറുന്ന ഓരോ കാഴ്ചകള്‍ കണ്ട് എന്റെ തൊട്ടുമുന്നിലുള്ള സീറ്റില്‍ ഒരു അച്ഛനും മകനും ഇരിക്കുന്നുണ്ട്. പത്ത് വയസ്സോളം പ്രായമുള്ള മകന്റെ കരംകവര്‍ന്ന് മകനെ നോക്കി വാത്സല്യത്തോടെ ചിരിച്ച് അച്ഛന്‍ എന്തൊക്കെയോ മകനോട് പറയുന്നു. ചിരിച്ചു കാണിച്ചും കണ്ണ് ചിമ്മിയും മകനും അച്ഛനോട് സംസാരിക്കുന്നു. പക്ഷേ ബസ്സിന്റെ ശബ്ദംകാരണം ഒന്നും വ്യക്തമല്ല. ഇടക്കു ഒരു വളവ് തിരിയാന്‍ ബസ്സ് വേഗം കുറച്ചപ്പോള്‍ അവരുടെ സംസാരം എനിക്ക് വ്യക്തമായി തുടങ്ങി.

“മോന്‍ ഇതിനു മുന്‍പ് സിംഹത്തെ നേരിട്ടു കണ്ടിട്ടുണ്ടോ?”

“ഉം… ഉണ്ട്… അച്ഛനെ മാത്രം”

ഒരു പത്ത്‌വസ്സുകാരന്റെ നിഷ്‌കളങ്കമായ സത്യപ്രസ്താവന.

അത് കേട്ട് മകനെ നെഞ്ചോട് ചേര്‍ത്ത് തലയില്‍ ചുണ്ട്‌ചേര്‍ത്തിരിക്കുന്ന അച്ഛന്റെ മുഖത്ത് അപ്പോഴും വാത്സല്യം നിറഞ്ഞ പുഞ്ചിരി.

അവരുടെ ആ അസുലഭനിമിഷം എന്റെ മനസ്സില്‍ തീര്‍ത്ത വൈകാരികത എന്റെ കണ്ണിലേക്ക് ഓടിയെത്തുംമുന്‍പേ പുറത്ത് മഴ ചാറിതുടങ്ങി.

ലോകമെമ്പാടും നിരവധി വേദികളില്‍ ഇന്ദ്രജാലത്തിലൂടെ കാണികളുടെ മനസ്സില്‍ വിസ്മയം തീര്‍ത്ത മാന്ത്രികന്‍. സാരോപദേശകഥകളിലൂടെ കുഞ്ഞുമനസ്സുകളില്‍ ഇടം നേടിയെടുത്ത അവരുടെ സ്വന്തം മാജിക്ക് അങ്കിള്‍. ലോകത്തെ ആദ്യത്തെ മാന്ത്രികകൊട്ടാരം ( Magic Planet ) എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി മാറ്റിയ ഗോപിനാഥ് മുതുകാട് ( Gopinath Muthukad ) എന്ന വിസ്മയത്തിന് ആ കുഞ്ഞുമനസ്സില്‍ ഒരു പുരുഷകേസരിയുടെ രൂപമാണ്.

Leave a comment

error: © Bivin Lal Photography