© Bivin Lal Photography

“രക്ഷ”- 6000 വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് അണിനിരന്ന കരാട്ടെ പ്രകടനം

ചില അനുഭവങ്ങള്‍ സ്വപ്‌നതുല്യമായിരിക്കും, അതുകൊണ്ട് തന്നെ ആ അനുഭവത്തെ വാഗ്‌രൂപേണയെങ്കിലും ഒന്നു പ്രകടിപ്പിക്കാന്‍ അത്രപെട്ടെന്നു സാധ്യമായി എന്നുവരില്ല. അങ്ങനെ ഒരു സ്വപ്‌നത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ കൃതാര്‍ത്ഥതയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി.

” ഉറങ്ങുമ്പോള്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം” എന്ന് സ്വപ്‌നത്തിനു പുതിയ വ്യാഖ്യാനം നല്‍കിയ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ഉള്ളുതൊട്ട് അറിയാന്‍ കഴിഞ്ഞ അനുഭവം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ “രക്ഷ” പദ്ധതിവഴി പരിശീലനം നേടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കരാട്ടെ പ്രകടനം ലോകവനിതാ ദിനത്തില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ആലോചിക്കുന്നുവെന്ന് അറിഞ്ഞദിവസം മുതല്‍ തന്നെ അതിന്റെ പ്രായോഗികതയെ സംബന്ധിച്ച് നിരവധി ആശങ്കകളും മനസ്സില്‍ കടന്നുകൂടിയെന്നതു വാസ്തവം. പ്രത്യേകിച്ച്, പൊതു പരീക്ഷ നടക്കുന്നതിനാല്‍ ഹയര്‍ സെക്കന്ററി, എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനികള്‍ ഇല്ലാതെ മറ്റു ക്ലാസ്സുകളിലെ മാത്രം വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ഒരു പ്രകടനം അതുവേണ്ടത്ര മികവുറ്റതാകുമോ എന്ന ആശങ്ക.

6000 വിദ്യാര്‍ത്ഥിനികള്‍ ഒന്നിച്ച് അണിനിരക്കുന്ന കരാട്ടെ പ്രകടനം അത് ലോകചരിത്രത്തില്‍ തന്നെ ആദ്യത്തേത് എന്ന നിലയില്‍ ഒരു ഗിന്നസ് റെക്കോര്‍ഡുകൂടി ലക്ഷ്യം വെച്ചുള്ള പ്രകടനം ആകുമ്പോള്‍ താരതമ്യേന ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ പ്രകടനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പിഴവുകള്‍ പോലും ലക്ഷ്യത്തിലെത്താന്‍ തടസ്സമായോക്കാം. സാങ്കേതികമായ ഇത്തരം കാര്യങ്ങളേക്കാള്‍ കൂടുതല്‍ ആകുലത മറ്റൊരുകാര്യത്തിലായിരുന്നു.

പണ്ട് സ്‌കൂള്‍ കാലഘട്ടത്തില്‍ ചില ദിവസങ്ങളില്‍ ഏതെങ്കിലും പ്രത്യേകവിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് അരമണിക്കൂര്‍ വരെയൊക്കെ സമയദൈര്‍ഘ്യമുള്ള അംബ്ലികള്‍ നടക്കുന്ന സമയത്ത് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ തളര്‍ന്നു വീഴുന്നത് ഒരു പതിവുകാഴ്ചയാണ്. ഇതിപ്പോ 6000 വും വിദ്യാര്‍ത്ഥിനികള്‍ മാത്രം. ഒരു പക്ഷേ ഇത് വീഴ്ചകളുടെ ഒരുപെരുമഴക്കാലമായി മാറിയാലോ.

തുറന്നുപറയട്ടേ, എന്റെ മനസ്സിലെ ഇത്തരം ചിന്തകളുടെ കരണത്തില്‍ കടുത്ത പ്രഹരം തന്നെയാണ് മാര്‍ച്ച് 8 ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തിയ ഓരോ വിദ്യാര്‍ത്ഥിനിയുടേയും പ്രകടനം സമ്മാനിച്ചത്. പെരുമഴക്കാലം പോയിട്ട് ഒരു നനുത്ത തുള്ളിപോലും ഇല്ലായിരുന്നുവെന്നത് എന്റെ മനസ്സില്‍ സ്ത്രീശക്തിയുടെ പുതിയ പാഠം. കേവലം കായികമായ ഒരു പ്രകടനത്തിനും എത്രയോ അപ്പുറം ഒരു പുതു ചരിത്രംകുറിക്കാന്‍ ശാരീരികമായും മാനസികമായും തങ്ങള്‍ പ്രാപ്തരാണെന്ന് ഓരോ കുഞ്ഞുമുഖവും ആവേശത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഔദ്യോഗികമായി ഗിന്നസ് റെക്കോഡ് സംബന്ധിച്ച പ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ അതു തങ്ങള്‍ നേടിയെടുത്തുവെന്ന ആത്മവിശ്വാസം. അവസാനം ഗിന്നസിന്റെ പ്രതിനിധി റെക്കാര്‍ഡ് പ്രഖ്യാപിച്ച നിമിഷം, ഉറപ്പ് നാളിതുവരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാത്ത പെണ്‍കരുത്തിന്റെ ആനന്ദാരവം.

ഈ ചരിത്രമുഹൂര്‍ത്തില്‍ പങ്കെടുത്ത് കുരുന്നുകള്‍ക്ക് ആവേശം പകര്‍ന്ന ബഹു. മുഖ്യമന്തി ശ്രീ പിണറായി വിജയന്‍, ഈ സ്വപ്‌നസാഷാത്കാരത്തിന് ചുക്കാന്‍ പിടിച്ച ഈ സ്വപ്നത്തെ നെഞ്ചോടുചേര്‍ത്തു നിര്‍ത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.കെ മധു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി. രഞ്ജിത്ത്, മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. സുഭാഷ്, എന്നിവരോടൊപ്പം ഇതിന്റെ സംഘാടനത്തിന്റെ വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ജില്ലാ പഞ്ചായത്തിലേയും വിദ്യാഭ്യാസ വകുപ്പിലേയും സഹപ്രവര്‍ത്തകര്‍, മറ്റ് ഓഫീസുകളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, രക്ഷിതാക്കൾ, കരാട്ടെ പരിശീലകര്‍ എല്ലാറ്റിനുമുപരി ലക്ഷ്യബോധമെന്തന്ന് തെളിയിച്ച വിദ്യാര്‍ത്ഥിനികള്‍ എല്ലാവരോടും സ്‌നേഹാദരം ഈ ഒരു അസുലഭ അനുഭവത്തിന്. പെണ്‍കരുത്തിന്റെ ഈ പുതിയ പാഠത്തിന്.

Leave a comment

error: © Bivin Lal Photography