© Bivin Lal Photography

പേപ്പാറ ഡാം

ഫോട്ടോ പിടുത്തം കുറച്ച് ഗൗരവത്തോടെ കണ്ടുതുടങ്ങിയ സമയത്ത് കുച്ചേറെ സ്ഥലങ്ങളിലേക്ക് യാത്രചെയ്ത് ഫോട്ടോ എടുന്ന ശീലമുണ്ടായിരുന്നു. എങ്കിലും ഞാന്‍ തനിയെ യാത്ര ചെയ്തിരുന്നത് വളരെക്കുറച്ച് മാത്രം. എപ്പോഴും ഏതെങ്കിലും ഒരു സുഹൃത്ത് കൂടെ ഉണ്ടാകും. എനിക്ക് ബൈക്ക് ഓടിച്ചു ശീലമില്ലാത്തതുകൊണ്ട് (ഓടിക്കാന്‍ അറിയില്ല എന്ന് പരസ്യമായി പറയുന്നത് മോശമല്ലെ) എന്റെ കൂടെ വരാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ ഉണ്ട്.Sidharth , KannanAjmal , ArunRejithSudhi ഇതില്‍ ആരെങ്കിലും ഒരാളായിരിക്കും കൂടെ ഉണ്ടാവുക.

രണ്ട് വര്‍ഷം മുന്‍പാണ്. ഒരു മഴക്കാലം… Sidharth ഉം ഞാനും കൂടി ഒരു പൊന്‍മുടി യാത്ര പ്‌ളാന്‍ ചെയ്തു. യാത്ര പൊന്‍മുടിയിലേക്കാണ് എങ്കിലും പ്രധാന ലൊക്കേഷന്‍ കല്ലാര്‍ ആണ്. കുറച്ച് സ്‌ളോ ഷട്ടര്‍ ചിത്രങ്ങള്‍ അതാണ് ലക്ഷ്യം.

ഞാന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥിന്റെ വിളി വന്നൂ

” അണ്ണാ അവിടെ മഴ ഉണ്ടാ? ഇവിടെ ചെറിയ മഴ.”

” ആണോ അപ്പൊ പിന്നെ എങ്ങനെയാ ?”

” നിങ്ങളുവാ എന്തായാലും പോവാം. കുടയും കൂടി എടുത്തോ ഞാന്‍ കല്ലറ ജംഗ്ഷനില്‍ കാണും.”

” ഉം.. എന്നാ ശരി, ഞാന്‍ പോയി റെഡിയാവട്ടെ”

ഞാന്‍ കല്ലറ എത്തിയപ്പോള്‍ മഴക്കോളോക്കെമാറി മാനമൊന്നു തെളിഞ്ഞു. അതോടെ അധികം ടെന്‍ഷനില്ലാതെ ഞങ്ങള്‍ യാത്ര തുടങ്ങി. പക്ഷെ അധികദൂരം പോകുന്നതിനു മുന്‍പു തന്നെ മഴ പെയ്തു അത്ര വലുത് അല്ലെന്ന് മാത്രം. നന്നായി ആസ്വദിക്കാന്‍ പറ്റിയ മഴ. ബൈക്കില്‍ യാത്രചെയ്യുമ്പോ ഇതു പോലെ നമ്മളെ ഒട്ടും ശല്യം ചെയ്യാത്തൊരു കുഞ്ഞു മഴ അത് നനയുന്നത് വല്ലാത്തൊരു അനുഭൂതിയാണ്.

പൊന്‍മുടിയിലേക്കുള്ള ദൂരം കുറയുന്നതിനനുസരിച്ച് മഴയുടെ ശക്തികൂടി തുടങ്ങി. കല്ലാര്‍ എത്തിയപ്പോഴേക്കും അവിടെ രാവിലെ മുതല്‍ തന്നെ നല്ല മഴപെയ്യുന്നുണ്ട് എന്നു മനസ്സിലായി. ടിക്കറ്റ് എടുക്കുന്നതിനായി ബൈക്ക് നിര്‍ത്തി ഇറങ്ങിയപ്പോ അടുത്ത് അരുവിപോലെ വെള്ളം ഒഴുകുന്നു. പടം പിടിക്കാന്‍ പറ്റിയ സംഭവം. ഞങ്ങള്‍ ബൈക്കില്‍ നിന്നും ഇറങ്ങിയപ്പൊത്തന്നെ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ എന്റെ തോളില്‍ക്കിടന്ന ട്രൈപ്പോടിലേക്ക് അത്ര പന്തില്ലാത്തൊരു നോട്ടം നോക്കി. ആ നോട്ടത്തിലെന്തോ അപകടം മണത്തതുകൊണ്ട് അവിടെ കിടന്ന ഒരു കാറിന്റെ മറവില്‍ ട്രൈപ്പോട് സെറ്റ് ചെയ്ത് രണ്ടുമുന്ന് പടം എടുത്ത് അടുത്തൊരു ഫ്രെയിമിനുവേണ്ടി ക്യാമറയിലെ സെറ്റിംഗ്‌സ് നോക്കി നിന്നപ്പോ നേരത്തെ ഞങ്ങളെ നോട്ടമിട്ടിരുന്നയാള്‍ അടുത്ത് വന്ന് പടം പിടിത്തം നിര്‍ത്താന്‍ പറഞ്ഞു.

” സ്റ്റാന്‍ഡ് വെച്ച് ഫോട്ടോ എടുക്കാന്‍ പറ്റില്ല.” (ട്രൈപ്പോടിനെ കുറിച്ചാണ് പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് )

” ശരി ചേട്ടാ നിര്‍ത്തി.”

അധികം തര്‍ക്കത്തിനൊന്നും പോകാതെ ക്യാമറയും ട്രൈപ്പോടും എടുത്ത് കുറച്ച് മാറിനിന്ന് ട്രൈപ്പോട് മടക്കി എടുത്തുകൊണ്ടിരുന്ന സമയം സൈറണ്‍ മുഴക്കിക്കൊണ്ട് ഒരു പോലീസ് ജീപ്പ് ഞങ്ങളെ കടന്നുപോയി. എന്തായാലും പൊന്‍മുടിയില്‍ ചെന്നിട്ടാകം ബാക്കി പടം പിടുത്തം എന്ന് കരുതി കൗണ്ടറിനടുത്ത് എത്തിയപ്പോള്‍ അറിയുന്നു ആരെയും മുകളിലേക്ക് കടത്തി വടുന്നില്ല. ഹില്‍സ്റ്റേഷനില്‍ ഇടിമിന്നലേറ്റ് കുറച്ചുപേര്‍ക്ക് പരിക്കുപറ്റി ഒരാള്‍ മരണപ്പെട്ടു
.

” കഷ്ടം ആയി അല്ലേ അണ്ണാ… പാവങ്ങള്‍ ”

അപ്പോളേക്കും അന്തരീക്ഷമാകെ വീണ്ടും മൂടിക്കെട്ടി ഒരു തകര്‍പ്പന്‍ മഴക്കുള്ള ഒരുക്കം കൂട്ടി.

” എന്നാ പിന്നെ പോയാലോ. ഇനി ഇവിയെ നിന്നാല്‍ ഇവിടെപെട്ടു പോകും. ”

” ഉം ശരിയാ പോകാം ”

തിരിച്ചു വരുന്നതിന് മുന്‍പ് അവിടെ ഇറങ്ങി കല്ലാറിന്‍െ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതല്‍ ആയതിനാല്‍ നേരത്തെ കണ്ടചേട്ടന്‍ അങ്ങോട്ടിറങ്ങാന്‍ സമ്മതിച്ചില്ല. അതോടെ ആ യാത്ര അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

തിരിച്ചുള്ള യാത്രയില്‍ മിന്നലിനെ കുറിച്ചായിരുന്നു പിന്നെ കുറച്ചുനേരം ഞങ്ങളുടെ സംസാരം

ഇടക്കെപ്പേഴോ സിദ്ധാര്‍ത്ഥ് ചോദിച്ചു

” അണ്ണാ നമുക്ക് പേപ്പാറ ഡാമില്‍ പോയാലോ. എന്തായാലും ഇത്രയും യാത്രചെയ്തു വന്നതല്ലേ ”

” അതുശരിയാ.. പോയാലോ.”

അങ്ങനെ യാത്ര പേപ്പാറയിലേക്ക്

അക്വേഷ്യാ തൈകള്‍ തിങ്ങി നിറഞ്ഞ് ഇളം പച്ചപ്പ് തീര്‍ത്ത വഴിയോരമെല്ലാം കടന്ന് വനപാതയിലൂടെ അവസാനം ഡാമിലെത്തി.

കൗണ്ടറില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഡാം സൈറ്റിലേക്ക് ക്യാമറക്ക് പ്രവേശനം ഇല്ല. പിന്നെ അവിടെ ഉണ്ടായിരുന്ന ഗാര്‍ഡിന്റെ കയ്യില്‍ ക്യാമറയും ബാഗും ഏല്‍പ്പിച്ച് അകത്തു കടന്നു. ഡാമിലേക്ക് നടക്കുന്നതിനിടക്ക് കുറച്ചു പക്ഷികളെ കണ്ടു എന്നല്ലാതെ അത്ര മനോഹരകാഴ്ചകള്‍ ഒന്നും തന്നെ ഇല്ല. ക്യാമറ അവിടെ ഏല്‍പ്പിച്ചതു നന്നായി മഴനനയാതെ എങ്കിലും ഇരിക്കുമല്ലോ അങ്ങനെ ഒക്കെ ചിന്തിച്ചു ഞാന്‍ നടക്കുമ്പോള്‍

” അണ്ണാ ഇതുവഴി ”

ഒരുപടിക്കെട്ട് ചൂണ്ടിക്കാണിച്ച് സിദ്ധാര്‍ത്ഥ് പറഞ്ഞു.

ആ പടിക്കെട്ട് ഇറങ്ങുമ്പോള്‍ തന്നെ ഡാം സൈറ്റ് കാണാം ഒത്തിരി ആള്‍ക്കാരുണ്ട് കാഴ്ചക്കാരായി.

” പൊന്‍മുടിയില്‍ വന്നതായിരിക്കും അവിടെ പോകാന്‍ പറ്റാത്തതു കൊണ്ട് ഇങ്ങോട്ട് വന്നതാ അതാ ഇത്ര തിരക്ക് ”

എനിക്കും അത് ശരിയാണെന്ന് തോന്നി.

പടിക്കെട്ടിറങ്ങി ഡാമിനു മുകളിലൂടെ നടന്ന് പോകുമ്പോള്‍ ചുറ്റും സാധാരണ കാഴ്ചകള്‍. എടുത്തു പറയാന്‍ തക്കതായി ഒന്നുമില്ല. ഞങ്ങള്‍ ഏതാണ്ട് മധ്യഭാഗത്ത് എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ആ കാഴ്ച കണ്ടു ശരിക്കും ഞങ്ങള്‍ മറ്റൊരു ലോകത്തിലായപോലെ.

” അണ്ണാ… ഇതാണ് സ്വര്‍ഗ്ഗം ”

” സത്യം!!! ”

നല്ല കോടമഞ്ഞിന്റെ ഇളം പുതപ്പണിഞ്ഞ് ആലസ്യം വിട്ടുമായാതെ ചെറുമയക്കത്തില്‍, അല്‍പ്പം ഒന്ന് ഇളകിയും അനങ്ങിയും ഒരു തടാകം പോലെ ജലസംഭരണി. അവിടവിടെ പ്രതീക്ഷകള്‍പോലെ ഉള്ള തുരത്തുകളില്‍ മനം മയക്കുന്ന ഇളം പച്ചപ്പ്. അതിനൊത്തൊരു പശ്ചാത്തലമൊരുക്കി കാര്‍മേഘപ്പുതപ്പുമൂടി പൊന്‍മുടി മലനിരകള്‍. കണ്ണും മനസ്സും നിറക്കുന്ന കാഴ്ച. അതിന് ശരിക്കും ഒരു അലങ്കാരമായി നന്നായി തെളിഞ്ഞു നില്‍ക്കുന്ന വര്‍ണ്ണാഭമായൊരു മഴവില്ല്. ഇതിന് മുന്‍പ് ഒരിക്കലും ഭാവനയിലോ സ്വപ്‌നത്തിലോ പോലും കണ്ടിട്ടില്ലാത്ത ഫ്രെയിം.

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഈ നിമിഷം വരെ എനിക്കുണ്ടായിട്ടുള്ള നഷ്ടങ്ങളില്‍ ഏറ്റവും വലിയ നഷ്ടം അന്ന് ആകാഴ്ച പകര്‍ത്താന്‍ പറ്റാതെ പോയതാണ്. ഇപ്പോഴും ചിലപ്പോഴൊക്കെ അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍ തോന്നാറുണ്ട്.

Leave a comment

error: © Bivin Lal Photography