© Bivin Lal Photography

പെണ്‍നടന്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു സുഹൃത്ത് തമാശ രൂപത്തില്‍ അവതരിപ്പിച്ച ഒരു സംഭവമാണ്. പ്രസംഗ മത്സരം നടക്കുന്നു. നമ്മുടെ നാട് നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ് മത്സരത്തിന്റെ വിഷയം. ഓരോ മത്സരാര്‍ത്ഥിയും സമൂഹത്തിലെ ഗഹനമായ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി പ്രസംഗിച്ചു. ഇതിനിടയ്ക്ക് ഒരു മത്സരാര്‍ത്ഥി, മറവിയാണ് നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നം എന്നതിനെ അടിസ്ഥാനമാക്കി പ്രസംഗിച്ചു തുടങ്ങി. നാം സ്വാതന്ത്ര്യ സമരസേനാനികളെ മറന്നു, അവരുടെ സ്വപ്‌നങ്ങളെ മറന്നു. ഭരണാധികാരികള്‍ ജനങ്ങളെ മറന്നു, ജനങ്ങള്‍ നാടിനെ മറന്നു. അങ്ങനെ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മറവിയാണ് എന്ന് സ്ഥാപിച്ച മത്സരാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം കിട്ടി.

സംഗതി സത്യമായാലും തമാശയായലും ഒരു കാര്യം ശരിയാണ്. മലയാളിക്ക് മറവി കുറച്ച് കൂടുതലാണ്. അങ്ങനെ മലയാളി മറന്നുപോയ ചില കാര്യങ്ങളില്‍ ഒന്നാണ് നാടകം. ഒരു പക്ഷേ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ ഗുണനിലവാരം ആ മറവിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു എന്ന് വേണം കരുതാന്‍. നല്ല നാടകങ്ങള്‍ കാണാന്‍ ഇപ്പോഴും പ്രേക്ഷര്‍ ഉണ്ട് എന്ന വസ്തുത കുറച്ച് ആശ്വാസം നല്‍കുമ്പോഴും നാടകം എന്ന ശീലം മലയാളി മറന്നു, ഒപ്പം നാടക കലാകാരന്‍മാരേയും.

മലയാളിക്ക് നാടകം ഒരു ശീലം ആയിരുന്ന ആ പഴയ കാലത്ത് അരങ്ങില്‍ വിജയിച്ച, കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയ കലാകാരന്‍മാരില്‍ ഏറിയ പങ്കും ജീവിതത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നവരാണ്. പ്രത്യേകിച്ചും പെണ്‍ നടന്‍മാര്‍. കേരളത്തില്‍ 7000 ല്‍ ഏറെ വേദികളില്‍ കുമാരനാശാന്റെ കരുണയിലെ വാസവദത്തയെ അവതരിപ്പിച്ച ഓച്ചിറ വേലുക്കുട്ടി എന്ന മഹാനായ നടനെപ്പോലെയുള്ള പെണ്‍ നടന്‍മാരുടെ ജീവിതത്തോടൊപ്പം നടത്തുന്ന യാത്രയാണ് ലോക നാടകദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ Vyloppilli Samskrithi Bhavan ല്‍ Santhosh Keezhattoor അവതരിപ്പിച്ച “പെണ്‍നടന്‍ ” എന്ന ഏകാംഗ നാടകം.

പാപ്പുക്കുട്ടിയെന്ന നടന്റെ അരങ്ങിലെ ജിവതത്തില്‍ നിന്നും ആരംഭിച്ച് ജീവിതനാടകത്തിന്റെ അവസാന നിമിഷം വരെയുള്ള യാത്ര. സ്ത്രീ-പുരുഷഭേദമില്ലാതെ കാണികളുടെ മനംകവരുന്ന അരങ്ങിലെ സ്ത്രീസൗന്ദര്യത്തിന് പക്ഷേ ജീവിതത്തില്‍ പ്രണയവും ദാമ്പത്യവുമെല്ലാം ആഗ്രഹങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. പൗരുഷമുള്ള കഥാപാത്രങ്ങള്‍ക്കായി മനസ്സും ശരീരവും ചിട്ടപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീകഥാപാത്രങ്ങളില്‍ ഒതുങ്ങുവാന്‍ വിധിക്കപ്പെട്ട് ഒടുവില്‍ അരങ്ങില്‍ നിന്നു തന്നെ പടിയിറക്കിവിട്ടിട്ടും കഥാപാത്രങ്ങളായി ജീവിച്ചു മരിക്കുന്നു.

” പെണ്‍നടന്‍ ” ഒരു ഓര്‍മ്മപ്പെടുത്തലാണ്. ആധുനിക മലയാള നാടകവേദിയുടെ വളര്‍ച്ചു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച; മലയാളി എപ്പോഴോ സൗകര്യപൂര്‍വ്വം മറന്നുപോയ നാടക കലാകാരന്‍മാരെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. ആ ഓര്‍മ്മപ്പെടുത്തലിനെ
പ്രേക്ഷകരുടെ നെഞ്ചിലൊരു വിങ്ങലാക്കി മാറ്റുന്നു നടനും സംവിധായകനുമായ Santhosh Keezhattoor .

Leave a comment

error: © Bivin Lal Photography