© Bivin Lal Photography

M-Show

ഏറെ പ്രതീക്ഷയോടെ ഒത്തിരി കാത്തിരിക്കുന്ന പല കാര്യങ്ങളും ഒടുവിൽ കാണാൻ ഒരു അവസരം ലഭിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പങ്ങളെ ആകെത്തന്നെയോ അല്ലെങ്കിൽ ഭാഗികമായോ തകർത്തു കളയുന്ന അനുഭവമാണ് പലപ്പോഴും സംഭവിക്കാറുള്ളത്. ഒരു പക്ഷേ അമിതമായ പ്രതീക്ഷ കൊണ്ടോ ആ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്റേയോ കലാകാരിയുടേയോ മുൻകാല പ്രകടനങ്ങൾ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഒക്കെ ആകാം ആ നിരാശക്ക് കാരണം. എന്നാൽ ചില അവതരണങ്ങൾ ഉള്ളിലുണ്ടായിരുന്ന പ്രതീക്ഷകൾക്കും അപ്പുറം നിന്ന് ആരോടും പൂർണ്ണാർത്ഥത്തിൽ പങ്കുവെയ്ക്കാൻ പോലും കഴിയാത്ത തരത്തിലൊരു അനുഭൂതി സമ്മാനിയ്ക്കാറുണ്ട്. അക്ഷരങ്ങളായും ചിലപ്പോൾ രംഗാവതരണങ്ങളായും ഒക്കെ എത്തുന്ന അത്തരം അനുഭവങ്ങൾ അറിഞ്ഞോ അറിയാതെയോ നൽകുന്ന ഊർജ്ജം അതൊന്നു വേറെയാണ്.

M” Show 2-3 വർഷം മുൻപ് Mind & Music എന്ന പേരിൽ അവതരിപ്പിക്കുന്നുണ്ട് എന്ന് അറിഞ്ഞ നാൾതൊട്ട് നേരിൽ കാണാൻ ഒരു അവസരത്തിനായി കാത്തിരുന്നുവെങ്കിലും കേരളത്തിൽ, വിശിഷ്യ തിരുവനന്തപുരത്തിനടുത്ത് അവതരണം നടന്നില്ല എന്ന കാരണത്താൽ ആ കാത്തിരിപ്പ് നീണ്ടുപോയി. “M” Show യിൽ രംഗത്തെത്തുന്ന 3 വിസ്മയങ്ങളുടെയും പ്രകടനങ്ങൾ നിരവധി തവണ നേരിട്ട് കാണാൻ അവസരം ലഭിച്ചിട്ടുള്ളതുകൊണ്ടാകാം ഈ “വിസ്മയ സമന്വയം” കാണാൻ ഏറെ ആഗ്രഹം തോന്നിയതും.

എങ്കിലും കേവലം 6 ദിവസത്തെ മാത്രം ഇടവേളയിൽ പ്രഖ്യാപിച്ച പരിപാടിയിലെ പങ്കാളിത്തം സംബന്ധിച്ച് വലിയ സന്ദേഹത്തോടെയാണ് JTPac ൽ ഇന്നലെ പ്രോഗ്രാം കാണാനെത്തിയത്. ഹാളിനുള്ളിൽ കടന്നു കിട്ടിയതോടെ ആ ആശങ്കയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നുറപ്പായി. 3 മേഖലകളിൽ യാതൊരു വിധത്തിലുമുള്ള സംശയങ്ങൾക്കും ഇടമില്ലാത്ത തരത്തിൽ ജനമനസ്സുകളിൽ ആഴത്തിൽ അംഗീകാരം നേടിയെടുത്ത 3 പ്രതിഭകൾ. അതുകൊണ്ട് തന്നെ മൂന്ന് പേരുടേയും പ്രകടനങ്ങൾ ഗംഭീരമാകുമെന്നുറപ്പ്. അപ്പോൾ പിന്നെ “M” Show പുതുതായി എന്തു നൽകും എന്നായി അടുത്ത ചിന്ത.

7 മണിയ്ക്ക് പ്രോഗ്രാം തുടങ്ങിയതോടെ അത്തരം ചിന്തകളെയൊക്കെ Balabhaskar ന്റെ വിരൽ വേഗം ഏറെ പിന്നിലാക്കി കാണാമറയത്തെത്തിച്ചു. പതിയെ പതിയെ വേദിയിലെ വിരലുകളുടെ മാന്ത്രികത സദസ്സിന്റെ വിരലുകളിലേയ്ക്ക് താളമായി മാറ്റിയ സംഗീത വിസ്മയം.

തുടർന്ന് ചിന്തകളെ കവർന്നെടുത്തും പ്രവചനങ്ങളുടെ വിസ്മയലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയും കാണികളുടെ മനസ്സിനെ കയ്യിലൊതുക്കുന്ന തരത്തിൽ പതിവുപോലെ Aathiയുടെ മിന്നുന്ന പ്രകടനം.

മനുഷ്യ മനസ്സുകൊണ്ട് ആദി സൃഷ്ടിക്കുന്ന വിസ്മയത്തെ വേണ്ടവിധത്തിൽ ആസ്വദിക്കാൻ കഴിയാത്ത കുഞ്ഞു മനസ്സുകളിൽ കൂടി
Moorthy Sir കാഴ്ചകളുടെയും നിഴലുകളുടെയും വിസ്മയം തീർത്തതോടെ “M” Show എന്ന “വിസ്മയ സമന്വയം” അർത്ഥവത്തായി.

ഈ മൂന്ന് പ്രതിഭകളുടെ ഉജ്വലമായ പ്രകടനത്തോടൊപ്പം “M” Show യെ കൂടുതൽ ഹൃദ്യമാക്കുന്നത് ഇവർ തമ്മിലുള്ള പാരസ്പര്യമാണ്.
രാത്രി 7 മണിമുതല്‍ 11 മണിവരെ ഇടവേളയില്ലാതെ നാല് മണിക്കൂര്‍ തുടര്‍ച്ചയായി അവതരിപ്പിച്ചിട്ടും “M” Show യെ ആസ്വാദ്യകരമാക്കുന്നതും ഇതാണ്‌. മുൻപ് എപ്പോഴെങ്കിലും ഇവർ മൂന്നു പേരുടേയും വെവ്വേറെയുള്ള പ്രകടനങ്ങൾ കണ്ടിട്ടുള്ള ഏതൊരാൾക്കും “M” Show പുതുതായി നൽകുന്നതും ഈ പാരസ്പര്യം തന്നെയാണ്. കൂടാതെ ഷോയുടെ ആദ്യാവസാനം സമനാതകളില്ലാത്ത പിന്തുണ നൽകിയ “BIG BAND” ലെ ഓരോ കലാകരൻമാരുടെയും തകർപ്പൻ പ്രകടനവും.

Leave a comment

error: © Bivin Lal Photography