© Bivin Lal Photography

മഞ്ചുവാര്യര്‍ എന്ന നര്‍ത്തകി

ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ചു തുടങ്ങിയ നാളുകള്‍ മുതല്‍ ഏറെ ആസ്വദിച്ച് പകര്‍ത്താന്‍ കഴിയുന്നത് സ്റ്റേജ് ഫോട്ടോഗ്രഫിയാണ്. പ്രത്യേകിച്ച് നൃത്തവും കഥകളിയും. രണ്ടിനേകുറിച്ചും അധികം അറിവില്ലാത്തത് കൊണ്ട് ആ കലയെ ആസ്വദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ എപ്പോഴും നല്ല ഫ്രെയിമുകള്‍ പകര്‍ത്തുന്നതിലായിരിക്കും. എങ്കിലും, ചിലര്‍ എന്റെ അറിവില്ലായ്മയെപ്പോലും തള്ളിമാറ്റി മനസ്സിലേക്ക് കടന്നുവന്ന് അവരുടെ നൃത്തത്തിനൊപ്പം മനസ്സിനെ കൊണ്ടുപോകാറുണ്ട്. ക്യാമറയെയും ഫ്രെയിമും മറന്ന് നിന്ന് പോകുന്ന നിമിഷങ്ങള്‍.
ഒരു ഇടവേളക്കുശേഷം ഇന്നലെയും അതു സംഭവിച്ചു.. സൂര്യഫെസ്റ്റിവലില്‍. മഞ്ചുവാര്യര്‍ എന്ന നര്‍ത്തകി, മഞ്ചുവാര്യര്‍ എന്ന നടിയെ മനസ്സില്‍ നിന്നും കുറച്ചു സമയത്തേക്ക് മാറ്റി നിര്‍ത്തി. ഗിരിധരി തരംഗം… തുടങ്ങി ആദ്യം കുറെ ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഞാന്‍ ശരിക്കും ക്യാമറ മറന്നു… അല്പം സമയം കഴിഞ്ഞ് ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോഴേക്കും കൃഷ്ണലീലയുടെ നല്ല ചിത്രങ്ങള്‍ നഷ്ടമായി. എങ്കിലും സാധാരണ ഒരു നല്ല ചിത്രം പകര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ തോന്നുന്ന നിരാശ ഒരല്പം പോലും തോന്നിയില്ല. എനിക്ക് ചുറ്റും സദസ്സ് അപ്പോഴും കൃഷ്ണലീലയില്‍ മുഴുകി തന്നെ.. പുഞ്ചിരിച്ചും, അത്ഭുതം കൂറിയും..കണ്ണന്റെ ക്രീഡകള്‍ ആസ്വദിച്ച്.

Leave a comment

error: © Bivin Lal Photography