© Bivin Lal Photography

കാട്ടിലേക്ക്‌

കാട്ടില്‍ പോയി പടം പിടിക്കണമെന്ന ആഗ്രഹം പണ്ട് വയനാട്ടില്‍ വച്ച് എട്ട് നിലയില്‍ പൊട്ടിയെങ്കിലും ഒരു അവസരം ഒത്തുവന്നാല്‍ ഒന്നൂടി പോകാം എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ അടുത്ത സുഹൃത്തും മാജിക് അക്കാഡമിയിലെ കോഴ്‌സ് കോര്‍ഡിനേറ്ററുമായ Vishnu V Nair ബോണക്കാട് കാട്ടില്‍ പോകാം എന്നൊരു ആശയം പറഞ്ഞത്. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് പൂര്‍ണ്ണസമ്മതം. അങ്ങനെ ഒരു ഞായറാഴ്ച വിഷ്ണുവിന്റെ ബൈക്കില്‍ ഞങ്ങള്‍ ബോണക്കാട്ടേക്ക് യാത്ര തിരിച്ചു. ഏതാണ്ട് പാലോട് കഴിഞ്ഞപ്പോഴേക്കും ചെറുതായി മഴചാറിത്തുടങ്ങി. മഴ മാറും എന്ന പ്രതീക്ഷയില്‍ കുറേ ദൂരം മുന്നോട്ട് പോയെങ്കിലും മഴ കടുത്തു തുടങ്ങിയപ്പോള്‍ തീരെ നിവൃത്തിയില്ലാതെ ഒന്ന് രണ്ട് വട്ടം യാത്ര നിര്‍ത്തി കടത്തിണ്ണയില്‍ കയറിനില്‍ക്കേണ്ടി വന്നു. എന്തായാലും മുന്നോട്ട് പോവുകതന്നെ എന്നൊരു തീരുമാനം രണ്ടുപേരും എടുത്തതോടെ വീണ്ടും യാത്ര തുടര്‍ന്നു. ഞങ്ങളേക്കാള്‍ കടുത്തൊരു തീരുമാനം എടുത്തിട്ടുണ്ട് എന്നമട്ടില്‍ മഴയും മുന്നോട്ട് തന്നെ.

ബോണക്കാട് എത്തി ഫോറസ്റ്റ് ഓഫീസില്‍ നിന്നും പാസ്സ് എടുത്തപ്പോള്‍ തന്നെ ആദ്യത്തെ പണികിട്ടി, ആരെയും മുകളിലേക്ക് വിടുന്നില്ല. ആന ഇറങ്ങിയിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ ആനക്കൂട്ടത്തെ കണ്ടത്രെ. എന്തായാലും ഞങ്ങള്‍ പോകുന്നത് അങ്ങോട്ടേക്കല്ല വാഴ്‌വാംതോല്‍ വെള്ളച്ചാട്ടത്തിലേക്കാണ്.

ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഒരു കിലോമീറ്ററോളം നടന്നുകഴിഞ്ഞപ്പോള്‍ മനോഹരമായൊരു കാട്ടുചോല. കുറച്ചുപേര്‍ അവിടെ വലവീശി മീന്‍പിടിക്കുന്നുണ്ട്. കുറച്ച് സമയം അതും നോക്കിനിന്ന് വീണ്ടും മുന്നോട്ട്. ഇടക്ക് മാറിനിന്ന മഴ അപ്പോഴേക്കും വീണ്ടും ചാറിതുടങ്ങി.

” ഇനി എത്ര ദൂരം ഉണ്ട് ? ”

” ഒരു നാല് കിലോമീറ്റര്‍ നടന്നാല്‍ ആദ്യത്തെ വെള്ളച്ചാട്ടം പിന്നെ കുറച്ച് ദൂരം കൂടി നടന്നാല്‍ രണ്ടാമത്തെ വെള്ളച്ചാട്ടം ”

” ഉം അത്രയും ഉണ്ട് അല്ലേ ? ”

പിന്നെ മുന്നോട്ട് പോകുംതോറും ഞങ്ങളുടെ മുന്‍പിലും പിന്‍പിലും ആയി ഉണ്ടായിരുന്നവരെല്ലാം പതിയെ പതിയെ അപ്രത്യക്ഷരായി എങ്ങോട്ട് പോയി എന്ന് ഒരുപിടിയും ഇല്ല. അധികദൂരം പോയികാണില്ല ദേ കിടക്കുന്നു കുറേ ആനപ്പിണ്ടം. അതു കണ്ടപ്പോള്‍തന്നെ എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി എങ്കിലും അതു പുറത്തുകാണിച്ചില്ല.

” ഇത് ഇപ്പോള്‍ ഇട്ടത് ഒന്നും അല്ലല്ലോ അല്ലേ ? ”

” ആ.. ആര്‍ക്കറിയാം നിങ്ങളു വാ മനുഷ്യാ ”

അതും കൂടികേട്ടപ്പൊ എല്ലാം പൂര്‍ത്തിയായി. മഴ വീണ്ടും തകര്‍ത്തു പെയ്യുന്നുണ്ട്. കുറച്ചുകൂടി നടന്ന് കഴിഞ്ഞപ്പോള്‍ പിന്നെ വഴി എന്ന സംഭവം ഇല്ലാതെ ആയിതുടങ്ങി. ഒരു പാറയില്‍ ചവിട്ടി മുകളിലത്തെ പാറയില്‍ അതില്‍ ചവിട്ടി അതിനും മുകളില്‍ അതേ നിവൃത്തിയുള്ളു. പോരാത്തതിന് പാറമുഴുവന്‍ അരഅടി നീളംവരുന്ന നല്ല ഒന്നാന്തരം അട്ടകള്‍. അതുങ്ങളെ ചവിട്ടാതെ നടക്കാന്‍ പരമാവധി നോക്കിയിട്ടും ഒന്നു രണ്ടെണ്ണത്തിനെ ചിട്ടിപ്പൊട്ടിക്കേണ്ടിവന്നു.

ഞങ്ങള്‍ ശരിക്കും കാട് കയറിതുടങ്ങിയിരിക്കുന്നു. പലതരം ചീവീടുകളുണ്ടാക്കുന്ന കാത് തുളക്കുന്ന ഒച്ചയും തകര്‍ത്തുപെയ്യുന്ന മഴവീണ് ഇലകളുണ്ടാക്കുന്ന ശബ്ദവും പിന്നെ എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരായിരം ശബ്ദവും അതിനെല്ലാം ഒത്തൊരുചേരുവയായി സൂര്യന്‍ ഉദിക്കാന്‍ മറന്നുപോയി എന്നുതോന്നിക്കുന്ന ഇരുട്ടും. എന്നെപ്പോലെ തന്നെ എന്റെ ചിന്തകളും കാട് കയറിതുടങ്ങി. എവിടെയോ ചെറിയൊരു ഭയം പിടിമുറിക്കയതുപോലൊരു തോന്നല്‍. കാരണം കഴിഞ്ഞ കുറേസമയമായി ഞങ്ങളും കാടും മാത്രമേ ഉള്ളു. ഒരു മനുഷ്യജീവിയെപ്പോലും കാണാനില്ല. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ക്യാമറ കഴുത്തില്‍ തൂക്കിയിട്ടുണ്ട് എങ്കിലും ഒരു നല്ല ഫോട്ടോ പോലും എടുക്കാനും കഴിഞ്ഞിട്ടില്ല. ഇത്രയും യാത്രചെയ്തു വന്നതൊക്കെ വെറുതെയാകുവോ എന്നൊക്കെ ആലോചിച്ചു നടക്കുമ്പോള്‍ ഇടതുവശത്തെ ഇലകള്‍ക്കിടയില്‍ ഒരു അനക്കം. ഒരു പച്ചില പാമ്പാണ്. ഹാ കോളടിച്ചു! പൊതുവെ പാമ്പിന്റെ ‘പ’ കണ്ടാല്‍ ഓടുന്ന ആളാണ് ഞാന്‍. പക്ഷേ അന്നു ആദ്യമായി പാമ്പിനെ നോക്കി രണ്ട് മൂന്ന് ക്ലിക്ക്. പടമെടുത്ത് കഴിഞ്ഞപ്പോഴേക്കും ആരോ ടാപ്പു തുറന്നുവിട്ടതുപോലെ എന്റെ ധൈര്യമൊക്കെ എവിടെപ്പോയി എന്ന് എനിക്ക് തന്നെ ഒരു നിശ്ചയം ഇല്ല. എങ്കിലും എന്റെ അവസ്ഥ മനസ്സിലാക്കിയതുപോലെ പാവം ഉള്ളിലേക്ക് ഇഴഞ്ഞുപോയി.

മഴവീണ്ടും ശക്തിയായി പെയ്തുതുടങ്ങി ക്യാമറയും ബാഗും ഒക്കെ നനഞ്ഞ് ഒരു അവസ്ഥയിലായി. യാത്ര നിര്‍ത്തി തിരിച്ചുപോയാലോ എന്നുവരെ ചിന്തിച്ചു.

” അണ്ണാ ഇനികുറച്ചുദൂരം കൂടിപോയാല്‍ ആദ്യത്തെ വെള്ളച്ചാട്ടം എത്തും അത് കണ്ടിട്ട് തിരിച്ചുപോകാം.”

വിഷ്ണു പറഞ്ഞത് ശരിയായിരുന്നു അല്പംകൂടി മുന്നോട്ട് പോയപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ കേട്ടുതുടങ്ങി. മഴയും ചെറുതായൊന്ന് ശമിച്ചു. പതിനഞ്ച് മിനിട്ടുകൂടി നടന്നപ്പോഴേക്കും ഞങ്ങള്‍ ആ സ്വപ്‌നഭൂമിയില്‍ എത്തി. പ്രകൃതി മൂന്ന് തട്ടുകളിലായി തീര്‍ത്തിരിക്കുന്ന മനോഹരമായ വെള്ളച്ചാട്ടം. ഹാ ഉഗ്രന്‍! ഞാന്‍ അറിയാതെ പറഞ്ഞുപോയി. ഇത്രയും നല്ലൊരു കാഴ്ചകാണാന്‍ കുറച്ച് കഷ്ടപ്പാടുകള്‍ അത് അത്ര അധികമല്ല എന്ന് തോന്നിയ നിമിഷം. ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും മഴ തകര്‍ത്തു പെയ്തു തുടങ്ങിയപ്പോള്‍ വേഗത്തില്‍ കുറച്ച് പടങ്ങള്‍ എടുത്ത് കാട് ഇറങ്ങിയപ്പോഴേക്കും മനസ്സിന്റെ ഉള്ളിലൊരുകോണില്‍ ആനന്ദമഴ ചെറുതായി ചാറിതുടങ്ങിയിരുന്നു.

Leave a comment

error: © Bivin Lal Photography