© Bivin Lal Photography

കാളിനാടകം

കാളിയൂട്ടിന്റെ നാടായ ചിറയിന്‍കീഴില്‍ ജനിച്ചുവളര്‍ന്നതുകൊണ്ടാകാം കുട്ടിക്കാലത്ത്, വിശിഷ്യ പ്രൈമറി സ്‌കൂള്‍ കാലഘട്ടത്തില്‍ മനസ്സിലെ നന്മതിന്മാ സങ്കല്‍പ്പത്തില്‍ ഭദ്രകാളി നിറഞ്ഞുനിന്നിരുന്നു. ഓരോ കുറ്റം കണ്ടുപിടിച്ചപ്പോഴും തെറ്റുചെയ്യുന്നവരെ കാളി വെറുതെ വിടില്ലെന്ന് മുതിര്‍ന്നവര്‍ തന്ന മുന്നറിയിപ്പ് ആയിരിക്കാം അതിനുകാരണം. ഒരു പ്രൈമറി വിദ്യാര്‍ത്ഥിക്ക് ചെയ്യാന്‍ കഴിയുന്ന തിന്മ കള്ളം പറച്ചിലും കള്ളത്തരം കാണിക്കലും ആയി ചുരുങ്ങിയിരുന്ന അക്കാലത്ത് ഓരോ കാളിയൂട്ടും ഭയപ്പെടുത്തുന്ന ഓര്‍മ്മയാണ്. മുടിയേറ്റും നിലത്തില്‍പോരും നടക്കുന്ന ദിവസങ്ങളില്‍ മുടിയേന്തിയ കാളിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ ചെയ്ത തെറ്റും പറഞ്ഞ കള്ളവും മനസ്സില്‍ ദാരിക രൂപത്തില്‍ ഒളിഞ്ഞിരുന്നപ്പോള്‍ അതിനുനേരേ ഭയത്തിന്റെ വിത്തെറിഞ്ഞു കലിതുള്ളി നില്‍ക്കുന്ന കാളിക്കു മുന്‍പില്‍ ഇനി തെറ്റുകള്‍ ചെയ്യില്ലായെന്ന് മനസ്സുകൊണ്ട്‌ ഒരായിരം ഉറപ്പുകൊടുത്തിട്ടുണ്ട്.

മുതിര്‍ന്നപ്പോള്‍ വിശ്വാസത്തിന്റേയും അനുഷ്ഠാനത്തിന്റേയും മറനീക്കി, സസൂക്ഷ്മമായി ചിട്ടപ്പെടുത്തിയ ഒരു നാടകം ആയി കാളിയൂട്ടിനെ മനസ്സിലാക്കിയപ്പോഴും ഏറെ അടുപ്പമുണ്ട് ആ കലാരൂപത്തോട്. കാഴ്ചകളെ ഫ്രെയിമുകളായി കാണാന്‍ തുടങ്ങിയശേഷം ഓരോ കാളിയുട്ടും ഒരു കാത്തിരിപ്പാണ്. ഇത്തവണ കണ്ടുവെച്ച ഫ്രെയിം ഏറ്റവും നന്നായി എടുക്കാന്‍ പറ്റുന്ന സ്ഥലത്തു നിന്ന് വരും വർഷം പകർത്താനുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ്. അതുപോലെ ഒരു കാത്തിരിപ്പിന് ഇന്നലെ വിരാമമായി. ‘കാളിനാടകം’ എന്ന നാടകം കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിന്.

വലിയന്നൂര്‍ കാവില്‍ മുടങ്ങിക്കിടന്നിരുന്ന മുടിയേറ്റ് 51 വര്‍ഷങ്ങള്‍ക്കുശേഷം പുനരാരംഭിക്കുന്നതാണ് നാടകത്തിന്റെ പശ്ചാത്തലം. മുടിയേറ്റില്‍ ദാരികന്റെ വേഷമിടുന്ന നാട്ടിലെ പ്രമാണി രാമക്കുറുപ്പും കാളിയായി വേഷമിടുന്ന ചാത്തന്റെ മകള്‍ കാളിയും എന്ന സമകാലിക യാഥാർത്ഥ്യവും കാളി-ദാരിക മിത്തും തമ്മിലുള്ള സവിശേഷ ലയനമാണ് കാളിനാടകം.

മിത്തില്‍ ദാരികന്റെ ശക്തി നേടിയെടുത്ത വരങ്ങള്‍ ആയിരുന്നുവെങ്കില്‍ നാടകത്തില്‍ ദാരികനായി എത്തുന്ന രാമക്കുറുപ്പിന്റെ ശക്തി അധികാരമാണ്. രാമക്കുറുപ്പിന്റെ ചെയ്തികള്‍ക്കെതിരെ സമരം നയിക്കുന്ന കാളി മുടിയേറ്റിലൂടെ ദാരിക നിഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നു. കലി അടങ്ങാത്ത കാളിയെ പ്രതിഷ്ഠിച്ചു നിശബ്ദമാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കുണ്ട്. എന്നാല്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹമനസ്സുകളിലെ ദാരിക നിഗ്രഹത്തിനായി കലിതുള്ളി കാളി കാണികള്‍ക്കിടയിലേക്ക്. നാടകത്തിന്റെ ഇതിവൃത്തത്തെക്കുറിച്ച് ഇതിലും കൂടുതല്‍ പറയുന്നത് ഈ നാടകം ഇനിയും കാണാനിരിക്കുന്ന കാഴ്ചക്കാരോടുള്ള അനീതി ആയി മാറും.

മുടിയേറ്റിന്റെ സാമ്പ്രദായിക ചടങ്ങുകളോട് നീതി പുലര്‍ത്തുന്ന നാടകത്തിലുടനീളം സമകാലിക സംഭവങ്ങളെയും പ്രവണതകളെയും വിമര്‍ശന ബുദ്ധിയോടെ ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ പോലീസിനുമുന്‍പില്‍ ചാത്തന്റെ മകള്‍ കാളി നടത്തുന്ന നാടകത്തെ- കാളീനാടകത്തെ പ്രേക്ഷകന് വേറിട്ടോരു കാഴ്ച ആക്കിമാറ്റുന്നതിന് നാടക സംവിധായകന്‍ ചന്ദ്ര ദാസന്‍ ( Chandra Dasan )നടത്തിയ പരിശ്രമത്തിന് ഓരോ അഭിനേതാവും പൂര്‍ണ്ണപിന്തുണ നല്‍കിയിട്ടുണ്ട്. നാടക രചന നിര്‍വ്വഹിച്ച സജിത മഠത്തില്‍ ( Sajitha Madathil ) തന്നെയാണ് നാടകത്തില്‍ കാളിയായി രംഗത്ത് എത്തുന്നത്. ദാരികനായി വേഷമിട്ടത് സുമേഷ് ചിറ്റൂരാന്‍. സെല്‍വരാജ്, ജയചന്ദ്രന്‍ (Jayan Thakazhy ) , ഗോപന്‍ മങ്കാട്ട്, സുധി പാനൂര്‍, അജി തിരുവാങ്കുളം, അനുഗ്രഹ പോള്‍, ദേവിക ബി ഹേമന്ദ്, ഗോവിന്ദ് നമ്പിയാര്‍, മിഥുലേഷ്, വിഷ്ണു.കെ നായര്‍, നസ്രുദീന്‍, മനോജ് ഭാനു, ചാതുരി സി മോഹന്‍, രാഹുല്‍ ശ്രീനിവാസന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. Tennyson Chinnappan, Srikanth Cameo എന്നിവര്‍ പതിവുപോലെ കേള്‍വിയും കാഴ്ചയും ഒരു അനുഭവമാക്കി മാറ്റി.

Leave a comment

error: © Bivin Lal Photography