© Bivin Lal Photography

ജോസഫിന്റെ റേഡിയോ

ഇതുവരെ കണ്ടിട്ടുള്ള എല്ലാ ഏകപാത്ര നാടകങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു നാടക അനുഭവമായിരുന്നു നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ NATAK ന്റെ തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ശ്രീ. ജയന്‍ തകഴി ( Jayan Thakazhy) അവതരിപ്പിച്ച ” ജോസഫിന്റെ റേഡിയോ ” എന്ന ഏകപാത്രനാടകം. അതിരു നിശ്ചയിക്കാത്ത വേദിയില്‍ രംഗസജ്ജീകരണങ്ങളോ പ്രകാശവിന്യാസമോ സംഗീതത്തിന്റെ അകമ്പടിയോ എന്തിനേറെ, കാണികളും നടനും എന്ന വേര്‍തിരിവുപോലും ഇല്ലാതെ ഒരു നാടകം.

ഒരു സാധാരണ കരിമ്പ് കര്‍ഷകനായ ജോസഫിനോട് ചുറ്റുംനടക്കുന്ന അനീതിയെക്കുറിച്ചും വിലാപങ്ങളെക്കുറിച്ചുമെല്ലാം സത്യം വിളിച്ചുപറഞ്ഞിരുന്ന, തിരിച്ചറിവായിരുന്ന റേഡിയോ നിശബ്ദമാകുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. സമകാലിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് പ്രതികരണമറ്റ് അവനവനിലേക്ക് ഒതുങ്ങികൂടിയ ഇന്നിന്റെ കെട്ടകാലത്തെ തുറന്നു കാട്ടുകയും അതിനോട് കലഹിക്കുകയുമാണ് നാടകത്തിലുടനീളം ജോസഫ്. ജനാധിപത്യത്തെ, അവകാശങ്ങളെ സംരക്ഷിക്കാന്‍ കണ്ണും കാതും തുറന്നുപിടിച്ച് ജാഗരൂഗരായിരിക്കാനുള്ള ചിന്തയാണ് നാടകം പങ്കുവെയ്ക്കുന്നത്.

രംഗത്ത് എത്തുന്ന ജോസഫിന്റെ കഥാപാത്രത്തിന്റേയും രംഗത്തില്ലാത്ത മറ്റു കഥാപാത്രങ്ങളുടേയും സാന്നിധ്യം അഭിനയ മികവുകൊണ്ട് പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതിന് അംഗചലനത്തിലും ശബ്ദക്രമീകരണത്തിലും തകഴിക്കാരന്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. കാതും കണ്ണും അടച്ചുപിടച്ച് ചുറ്റും നടക്കുന്നതൊന്നുമറിയാതെ മൗനം ഭജിച്ചിരിക്കുന്ന ഈ കാലത്തെ സമൂഹമനസ്സിന്റെ ദയനീയ അവസ്ഥ രംഗത്ത് ഒരു അനുഭവമാകുമ്പോള്‍ നടനോടൊപ്പം കാഴ്ചക്കാരും കണ്ണുനീരണിയുന്നു. നാടാകാവതരണത്തില്‍ ഒരിക്കല്‍ പോലും ശബ്ദിക്കാത്ത ജോസഫിന്റെ റേഡിയോ, നാടകം അവസാനിക്കുമ്പോള്‍ കാണികളുടെ മനസ്സില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ പ്രതിധ്വനി തിരിച്ചറിവിന്റെ അലകളായിതന്നെ നിലനില്‍ക്കും.

വാല്‍കഷണം- വര്‍ഷങ്ങള്‍ക്കുമുന്‍പ് ആലപ്പുഴയുടെ കടല്‍തീരത്ത് ആര്‍ത്തിരമ്പിയ തിരമാലകളേക്കാള്‍ ഉച്ചത്തില്‍ ജനങ്ങള്‍ക്ക് സമരഗീതികള്‍ ചൊല്ലിക്കൊടുത്ത തകഴിക്കാരന്‍, ഈ കെട്ടകാലത്തോട് കലഹിക്കാതിരിക്കുന്നതെങ്ങിനെ.

Comments are closed.

error: © Bivin Lal Photography