© Bivin Lal Photography

എന്നുടെ ഫോട്ടോ എടുക്ക്രീങ്കളാ

സ്വന്തമായി ഒരു DSLR ക്യാമറ വാങ്ങിയ നാള്‍ മുതല്‍ കുറച്ചേറെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും ഫോട്ടോ അവരുടെ ആവശ്യപ്രകാരം എടുത്തു കൊടുത്തിട്ടുണ്ട്. ചിലരുടെ ഫോട്ടോ എടുക്കണം എന്ന ആഗ്രഹപ്രകാരം ഞാന്‍ മുന്‍കൈയെടുത്ത് പടംപിടിച്ച അവസരങ്ങളും ഉണ്ട്. അല്ലാതെ അപരിചിതര്‍ ആരും തന്നെ ഫോട്ടോ എടുത്തുനല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു പെണ്‍കുട്ടിയൊഴികെ.

2013 ലെ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം. കുറച്ചേറെ ദിവസങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട ജോലിതിരക്കു കാരണം ക്യാമറ കൈകൊണ്ടു തൊടാന്‍ പോലും അവസരം കിട്ടാതിരുന്ന സമയത്താണ് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചക്കുശേഷം പ്രാദേശിക
അവധി കിട്ടിയത്. കിട്ടിയ അവസരം മുതലാക്കാം എന്നു കരുതി Ajmal നേയും കൂട്ടി ഒരു 3 മണിയോടുകൂടി ഓഫീസില്‍ നിന്നും ഇറങ്ങി്. സ്റ്റാച്യു മുതല്‍ ഓവര്‍ബ്രിഡ്ജ് വരെ ക്യാമറയും തൂക്കി നടന്നെങ്കിലും കാര്യമായ ഒരു ഫ്രെയിമും കിട്ടിയില്ല. SMV സ്‌കൂളിന്റെ മുന്നില്‍ നിരത്തിവെച്ചിരിക്കുന്ന പൊങ്കാലകലങ്ങള്‍ പോക്കുവെയിലില്‍ തിളങ്ങുന്ന കാഴ്ച അതായിരുന്നു അന്നത്തെ ആദ്യ ഫോട്ടോ. എങ്കിലും മനസ്സിന് അത്ര തൃപ്തിപോരാ. അതിലും നല്ലതുകിട്ടും എന്ന പ്രതീക്ഷയില്‍ കിഴക്കേകോട്ട ഭാഗത്തേക്ക് നടന്നു.

റോഡിന് ഇരുവശവും പൊങ്കാലകലങ്ങളും കല്ലുകളും അടുക്കിവെച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ നല്ല നാടന്‍ ശൈലിയിലുള്ള റിസര്‍വേഷന്‍ പദ്ധതിയും നടപ്പിലാക്കി പ്രായമായ കുറച്ചുപേര്‍ അതിനടുത്തുള്ള കടകളുടെ വരാന്തയില്‍ വിശ്രമിക്കുന്നുണ്ട്. റോഡില്‍ യാത്രക്കാരേക്കാള്‍ വഴിവാണിഭക്കാരാണ്. പ്രായഭേദമില്ലാതെ കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും അങ്ങനെ എല്ലാതരക്കാരും ഉണ്ട് കച്ചവടക്കാരായി. അനന്തപുരിയില്‍ മയിലുകള്‍ ഇറങ്ങിയതുപോലെ, എല്ലാവരും മയില്‍പ്പീലിയാണ് വില്‍ക്കുന്നത്. എനിക്കും അജ്മലിനും ആ കാഴ്ച പുതിയൊരു അനുഭവമായിരുന്നു. രണ്ടുപേരും ആദ്യമായാണ് പൊങ്കാലയുടെ തലേദിവസം നഗരത്തിലിറങ്ങുന്നത്. പ്രത്യേകിച്ചും കിഴക്കേക്കോട്ട ഭാഗത്ത്. കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍

‘ സര്‍, എന്നുടെ ഫോട്ടോ എടുക്ക്രീങ്കളാ ? ‘

ഒരു സ്ര്തീ ശബ്ദംകേട്ട് ഞങ്ങള്‍ തിരിഞ്ഞ് നോക്കി. മയില്‍പ്പീലി വിറ്റുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ള ഒരു പെണ്‍കുട്ടിയാണ്.

‘ എന്നുടെ ഫോട്ടോ എടുക്ക്രീങ്കളാ.. പ്ലീസ് ! ‘

‘ ഉം.. സെറി ‘ അറിയാവുന്ന തമിഴില്‍ ഞാനും കാച്ചി.

അതു കേട്ടയുടെനെ തലയിലിരുന്ന തൊപ്പി ഒന്നുനേരെയാക്കി ചുണ്ടില്‍ ചെറുചിരിയണിഞ്ഞ് ഫോട്ടോയെടുക്കാന്‍ പുള്ളിക്കാരി റെഡി.

ക്യാമറയില്‍ സൂം ലെന്‍സ് ആണ് അതൊന്നുമാറ്റാമെന്ന് ആദ്യം ചിന്തിച്ചെങ്കിലും പൊടുന്നനെ അതുവേണ്ടെന്നു വെച്ചു. ഒരു പെണ്‍കുട്ടിയുടെ പടമാണ് എടുക്കുന്നത്. അതു കണ്ടുകൊണ്ട് അവളുടെ അച്ഛനോ സഹോദരനോ അടുത്തെങ്ങാനും ഉണ്ടെങ്കില്‍, അവള്‍ പറഞ്ഞിട്ടാണ് ഫോട്ടോ എടുക്കുന്നത് എന്നു ഞാന്‍ പറയുന്നതിനുമുന്‍പ് എന്റെ മുതുക് കുളം ആകുവോ എന്നൊരു ഭയം. അതുകൊണ്ട് പെട്ടൊന്നരു ക്ലിക്ക്.

‘ കാട്ടുങ്കോ, ഫോട്ടോ നല്ലായിറുക്കാ.. പാക്കട്ടും ‘

ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ അവളുടെ അടുത്ത ഡിമാന്റ്. ഞാന്‍ ക്യാമറയിലെ ഫോട്ടോ കാണിച്ചു.

‘ ഉം.. നല്ലായിറുക്ക് സാര്‍ , താങ്ക്യൂ..’

നിറഞ്ഞ സന്തോഷത്തോടെ അവളുടെ അടുത്ത ചോദ്യം

‘ നാളേക്ക് പേപ്പറിലേ വറുമാ ‘

‘ പേപ്പറില്‍ അല്ല നെറ്റില്‍ വരും ‘

എന്ന് മറുപടി കൊടുത്ത് ഞങ്ങള്‍ വീണ്ടും കിഴക്കേക്കോട്ട ഭാഗത്തേക്ക് നടന്നു. അപ്പോഴാണ് മനസ്സിലായത് വില്‍പ്പന നടത്തുന്നവരെ കൂടാതെ അവരുടെ കുടുംബങ്ങളും അവിടൊക്കെത്തന്നെയുണ്ട്. ചെറിയ ചെറിയ കൂട്ടങ്ങളായിരുന്ന് ചിലര്‍ ജോലികള്‍ ചെയ്യുന്നുണ്ട്. ഉള്ളുതുറന്ന് ചിരിച്ചും ഒച്ചയുണ്ടാക്കിയും കുറച്ചുപേര്‍, മദ്യലഹരിയില്‍ പരസ്പരം വഴക്കിട്ടും തെറിവിളിച്ചും മറ്റൊരുകൂട്ടര്‍. ഇതൊന്നും ഞങ്ങളുടെ വിഷയമല്ലെന്ന മട്ടില്‍ കളിയുടെ ലോകത്തില്‍ അലിഞ്ഞുചേര്‍ന്ന് രസിക്കുന്ന കുഞ്ഞുങ്ങള്‍. ഞാന്‍ ഹൃദയത്തോട് എന്നും ചേര്‍ത്തുപിടിക്കുന്ന കുറേ ഫ്രെയിമുകള്‍ അറിയാതെയെങ്കിലും അവര്‍ അന്നെനിക്ക് സമ്മാനമായി നല്‍കി.

Leave a comment

error: © Bivin Lal Photography