© Bivin Lal Photography

കിമര്‍ത്ഥം ദ്രൗപതി (എന്തുകൊണ്ട് ദ്രൗപതി )

ഇതിഹാസ കഥാപാത്രങ്ങള്‍ക്ക്, വിശിഷ്യ ജനമസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍ക്ക് നാം കേട്ടുപഴകിയ ഇതിവൃത്തങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ വ്യാഖ്യാനം നല്‍കി പുനരവതരിപ്പിച്ച് ആസ്വാദക മനസ്സുകളുടെ അംഗീകാരം ഏറെ നേടിയെടുത്ത നിരവധി സൃഷ്ടികള്‍ മലയാള സാഹിത്യത്തിലും മലയാള നാടകരംഗത്തും ചലചിത്രരംഗത്തും ഉണ്ട്. കഥാപാത്രങ്ങള്‍ക്ക് വിപരീത വ്യക്തിത്വം തീര്‍ത്തും, കഥാപാത്രങ്ങളുടെ ചെയ്തികള്‍ക്ക് യുക്തിസഹമായ ന്യായീകരണം അവതരിപ്പിച്ചും ജനഹൃദയങ്ങളില്‍ ഇടം നേടിയെടുത്ത അത്തരം സൃഷ്ടികളില്‍ പുനരാവിഷ്‌ക്കരിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഏറിയ പങ്കും പുരുഷ കഥാപാത്രങ്ങളാണ്.

ഒരു പുരാണ സ്ത്രീ കഥാപാത്രത്തെ, പ്രത്യേകിച്ച് ഒരേ സമയം അഞ്ചു പുരുഷന്‍മാരുടെ ധര്‍മ്മിഷ്ടയായ ഭാര്യ എന്ന രീതിയില്‍ മഹത്വവത്ക്കരിക്കപ്പെട്ട ദ്രൗപതി എന്ന കഥാപാത്രത്തെ നാടക രൂപത്തില്‍ പുനരവതരിപ്പിക്കപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകന് സ്വാഭാവികമായും മനസ്സിലുയരുന്ന ചോദ്യം ‘എന്തുകൊണ്ട് ദ്രൗപതി ?’. ആ ചോദ്യം തന്നെ നാടകത്തിന്റെ ശീര്‍ഷകവും അതിനുള്ള ഉചിതമായ ഉത്തരമായി നാടകാവതരണവും. കനല്‍ സാംസ്‌കാരിക വേദി ( Kanal Thetere ) ഇന്നലെ (28-10-2016) വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ അവതരിപ്പിച്ച സംസ്‌കൃത നാടകം ‘ കിമര്‍ത്ഥം ദ്രൗപതി ‘ (എന്തുകൊണ്ട് ദ്രൗപതി ) പ്രേക്ഷകനില്‍ ഉണര്‍ത്തുന്ന ആദ്യചിന്ത ഇതു തന്നെയാകും.

മഹാഭാരതത്തിലെ പ്രധാന സ്ത്രീ കഥാപാത്രമായ ദ്രൗപതി എന്ന പാഞ്ചാലിയാണ് കിമര്‍ത്ഥം ദ്രൗപതിയിലെ കേന്ദ്രകഥാപാത്രം. ദ്രൗപതിയുടെ ജിവിതകാലത്തിന്റെ വിവിധ ഘട്ടങ്ങള്‍.. മകള്‍, ആത്മമിത്രം, പത്‌നി, അമ്മ ഒടുവില്‍ സ്ത്രീ എന്നീ അഞ്ചു തലങ്ങളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. ബാല്യം കവര്‍ന്നെടുക്കപ്പെട്ട പെണ്‍കുട്ടി, സ്വന്തം പ്രാണനെപ്പോലെ ഒരു പുരുഷനെ സ്‌നേഹിച്ചിട്ടും അഞ്ചു പുരുഷന്‍മാരോടൊപ്പം ജീവിതം പങ്കിടാന്‍ നിര്‍ബന്ധിതയായ സ്ത്രീ, പുത്രന്‍മാരെയെല്ലാം നഷ്ടപ്പെട്ട അമ്മ. ഇങ്ങനെ മഹത്ത്വവല്‍ക്കരണത്തിന്റെ മേലങ്കി അഴിച്ചുവെച്ച് ഒരു സാധാരണ സ്ത്രീയായി ദ്രൗപതി രംഗത്ത് ആവിഷ്‌കരിക്കപ്പെടുമ്പോള്‍ വര്‍ത്തമാനകാല സ്ത്രീത്വത്തിനു നേരേ തിരിച്ചൊരു ദര്‍പ്പണമായി മാറുന്നു ദ്രൗപതി.

ഒരു പുരാണ കഥാപാത്രത്തിലൂടെ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരള്‍ചൂണ്ടാന്‍ (സംസ്‌കൃത ഭാഷയിലൂടെ) നാടകരചയിതാവും സംവിധായികയുമായ അശ്വതി വിജയന്‍ ( Aswathy Vijayan ) കാണിച്ച ധീരത അല്പം പോലും ചോര്‍ന്നുപോകാതെ രംഗത്ത് അവതരിപ്പിക്കാന്‍ നടീനടന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃത ഭാഷയിലാണ് അവതരണമെങ്കിലും ഭാഷാപരിജ്ഞാനത്തെ മറികടന്ന് പ്രേക്ഷക ഹൃദയത്തിലെത്താന്‍ ഉതകുന്ന രംഗഭാഷ ഒരു സാധാരണ കാഴ്ചക്കാരനേയും നാടകത്തോടൊപ്പം കൊണ്ടു പോകുന്നുണ്ട്.

കേന്ദ്ര കഥാപാത്രമായ ദ്രൗപതിയായി വേഷമിട്ട ദേവകി രാജേന്ദ്രനോടൊപ്പം ( Devaki Rajendran ) അരു നായര്‍ ( Arun Nayar ) , സന്തോഷ് വെഞ്ഞാറമൂട് ( San ThoSh G Nair ) , കണ്ണന്‍ നായര്‍ (Kannan Nayar ) , ഹസിം അമരവിള ( Hazim Amaravila ) , അഡ്വ. രാജ് ആനന്ദ് ( Adv Raaj Anand ) , രജു കോലിയക്കോട് ( Reju R Nair ) എന്നിവരും അഭിനേതാക്കളായി രംഗത്തെത്തി.

Leave a comment

error: © Bivin Lal Photography