© Bivin Lal Photography

ഡാന്‍സ് ഫോട്ടോഗ്രഫിയെ കുറിച്ച്‌

beforeafter

"ഇന്ദുലേഖ" യുടെയും നിശാഗന്ധി ഫെസ്റ്റിവലിന്റേയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനുശേഷം ഡാന്‍സ് ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കേണ്ട ക്യാമറ സെറ്റിംഗ്‌സ് എന്താണ് എന്ന് ചോദിച്ച് കമന്റായും ഇന്‍ബോക്‌സില്‍ മെസ്സാജായും ചില അന്വേഷങ്ങള്‍ വന്നിരുന്നു. എല്ലാ മെസ്സേജുകള്‍ക്കും മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു.

വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു മറുപടി പങ്കുവെക്കാന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി കഴിയുമോ എന്നറിയില്ല. അതുപോലെ ഫോട്ടോഗ്രാഫി ഒരു ഗുരുവിന്റെ ശിക്ഷണത്തില്‍ പഠിച്ചിട്ടില്ല എന്ന കുറവുള്ളതുകൊണ്ട് ഞാന്‍ പിന്‍തുടരുന്നതാണോ ശരിയായ രീതി എന്ന സന്ദേഹവും ഉണ്ട്. എങ്കിലും അറിയുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യാം.

Oxford Dictionary യില്‍ Photography എന്നവാക്കിനു "The art or practice of taking and processing photographs" എന്ന് നല്‍കിയിരിക്കുന്ന വിശദീകരണം പോലെ ഡാന്‍സ് ഫോട്ടോഗ്രഫിയിലും ചിത്രം പകര്‍ത്തുന്നതുപോലെ പ്രധാനമാണ് post processing ഉം. ഫോട്ടോഗ്രാഫിയിലെ മറ്റ് വിഭാഗങ്ങളിലേതുപോലെ തന്നെ നൃത്തം നടക്കുന്ന വേദിയില്‍ ലഭ്യമായ വെളിച്ചത്തിന്റെ അളവും നടക്കുന്ന നൃത്തരൂപവുമാണ് ക്യാമറയില്‍ നടത്തേണ്ടുന്ന ക്രമീകരണം എങ്ങനെവേണം എന്ന് നിശ്ചയിക്കുന്നത്.

മോഹിനിയാട്ടം പോലെ താരതമ്യേന വേഗത കുറഞ്ഞ നൃത്തരൂപങ്ങള്‍ക്ക് 1/100 മുതല്‍ 1/200 വരെ യുള്ള ഷട്ടര്‍ സ്പീഡില്‍ എടുക്കുന്നതാണ് എന്റെ രീതി. ഭരതനാട്യവും കുച്ചിപ്പുടിയും പോലെ കുറച്ച് കൂടി വേഗത കൂടിയ നൃത്തരൂപങ്ങള്‍ക്ക് 1/200 മുതല്‍ 1/500 വരെയും കഥക് പോലുള്ള നൃത്തരൂപങ്ങള്‍ക്ക് സാധാരണ ഗതിയില്‍ 1/500 ല്‍ കൂടിയ ഷട്ടര്‍ സ്പീഡിലും ചിത്രങ്ങളെടുക്കാറുണ്ട്. ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളുടെ Sharpness ഉം തെളിച്ചവും വിലയിരുത്തി ISO യില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ക്യാമറ സെറ്റിംഗ്‌സ് തീര്‍ച്ചപ്പെടുത്തുന്നത്. എങ്കിലും നൃത്തം പുരോഗമിക്കുന്നതിന് അനുസരിച്ച് നിരവധി പ്രാവശ്യം സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയേ മതിയാകൂ. അതായത് സ്ഥിരം ആയി ഒരു സെറ്റിംഗ് അങ്ങനെ ഒന്നില്ലാ എന്ന് ചുരുക്കം. എടുത്തുന്ന ചിത്രങ്ങള്‍ Sharp ആയിരിക്കണം എന്നതിലാണ് കൂടുതല്‍ ശ്രദ്ധവേണ്ടിവരുന്നത്.

ഡാന്‍സ് ചിത്രങ്ങള്‍ എടക്കുമ്പോള്‍ RAW ഫോര്‍മാറ്റില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്താറുള്ളത്. പോസ്റ്റ്‌പ്രോസസിംഗ് സമയത്ത് White Balance , Exposure Adjustment, Color Correction എന്നിവയ്ക്ക് RAW ഫോര്‍മാറ്റില്‍ എടുത്ത ചിത്രങ്ങള്‍ക്ക് JPEG യില്‍ എടുത്ത ചിത്രങ്ങളേക്കാള്‍ കൂടുതുല്‍ സാധ്യതകള്‍ ഉണ്ട് എന്നതാണ് അതിനു കാരണം.

അടുത്തിടെയായി മിക്കവാറും എല്ലാ നൃത്തോത്സവ വേദികളിലും പലനിറത്തിലുള്ള ലൈറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് white balance സെറ്റ് ചെയ്താലും സ്വാഭാവിക നിറത്തോടെയുള്ള ചിത്രങ്ങളായിരിക്കില്ല ക്യാമറയില്‍ പതിയുന്നത്. ആ ചിത്രങ്ങള്‍ക്ക് സ്വാഭാവിക നിറം നല്‍കേണ്ടുന്നത് Post Processing ല്‍ കൂടിയാണ്. Photography എന്ന വാക്കിന്റെ വിശദീകരണത്തിലെ Processing എന്ന വാക്കിന്റെ പ്രാധാന്യം ഇവിടെയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ കൃത്യമായി പ്രോസസ്സ് ചെയ്യാത്ത ചിത്രം കാണുന്നത് പകുതിവെന്ത മാംസം കഴിക്കും പോലെ അരോചകമാണ്.

ഡാന്‍സ് ഫോട്ടോഗ്രാഫിയില്‍ ക്യാമറയുടെ സെറ്റിംഗ്‌സും പ്രോസസിംഗുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഒരു നല്ല ഡാന്‍സ് ചിത്രം പകര്‍ത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പൂര്‍ണ്ണമായ മുദ്രകളും രൂപങ്ങളും അഭിനയമുഹൂര്‍ത്തവും പകര്‍ത്തുന്നതിലാണ്. അതിന് നൃത്താവതരണങ്ങള്‍ സ്ഥിരമായി കാണുന്നതും നൃത്തത്തെയും താളത്തെയും സംഗീതത്തേയും കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതും വളരെയേറെ സഹായിക്കും. ആവശ്യപ്പെട്ടതിന് കൃത്യമായ മറുപടി ആയോ എന്ന് അറിയില്ല. എങ്കിലും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഫ്: പോസ്റ്റ് പ്രോസസിംഗ് വഴി ചിത്രങ്ങള്‍ക്ക് സ്വാഭാവിക നിറം നല്‍കുന്നതിന്റെ പ്രാധാന്യം മനസ്സിലാകുന്നതിനായി ക്യാമറയില്‍ പതിഞ്ഞ ചിത്രവും പ്രോസസ്സ് ചെയ്ത ചിത്രവും പങ്കുവെയ്ക്കുന്നു.

Leave a comment

error: © Bivin Lal Photography