© Bivin Lal Photography

ചിത്രശലഭങ്ങള്‍

ചിത്രശലഭത്തിന്റെ ജീവിതഘട്ടങ്ങള്‍ പകര്‍ത്തിയതാണ് ഫോട്ടോഗ്രഫിയുടെ ലോകത്തിലേക്ക് ഞാന്‍ എത്തിപ്പെടാനുള്ള പ്രധാന കാരണം എന്ന് പറഞ്ഞിരുന്നല്ലോ. Common Rose എന്ന ഇനത്തില്‍ പെട്ട ശലഭത്തിന്റെ വിവിധ അവസ്ഥകള്‍ ആണ് ആദ്യമായി പകര്‍ത്തിയത്. വീടിന്റെ മുറ്റത്ത് നിന്നിരുന്ന ഗരുഡക്കൊടി (ചില സ്ഥലങ്ങളില്‍ ഗരുഡപ്പച്ച എന്നും പറയും) എന്ന വള്ളിച്ചെടിയിലാണ് ശലഭം മുട്ട ഇടുന്നതുമുതല്‍ പ്യൂപ്പ ആകുന്നതിനു തൊട്ടുമുന്‍പു വരെയുള്ള ഘട്ടം. ഈ വള്ളിച്ചെടി പടര്‍ന്നു നിന്നിരുന്ന ചെമ്പരത്തിയുടെ ചില്ലയിലെത്തിയാണ് പ്യൂപ്പയിലേക്കുള്ള രൂപമാറ്റം. പടമെടുക്കാന്‍ ക്യാമറയൊക്കെ സംഘടിപ്പിച്ചു വെച്ചിരുന്നെങ്കിലും പ്യൂപ്പ എപ്പോള്‍ വിരിയും എന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നതിനാല്‍ പടം പിടുത്തം അങ്ങനെ നീണ്ടു.
ഞാന്‍ കാത്തിരിക്കുന്ന ദിവസം വിരിയില്ല. ചില ദിവസം ഉറക്കം ഉണര്‍ന്നു വരുമ്പേഴേക്കും പ്യൂപ്പ വിരിഞ്ഞ് ശലഭം പുറത്തു വന്നിട്ടുണ്ടാകും. എന്തായാലും ഇതൊന്ന് അറിയണം എന്നു കരുതി എല്ലാദിവസവും രാവിലെയും വൈകിട്ടും ചെടിയില്‍ ഉണ്ടായിരുന്ന പ്യൂപ്പകളെയെല്ലാം കാര്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ അതിനൊരു ഫലമുണ്ടായി. ഇന്ന് രാവിലെ വിരിയുന്ന പ്യൂപ്പയെ തലേദിവസം ദിവസം രാത്രി ഒരു 11 ഒക്കെ ആകുമ്പോള്‍ അറിയാന്‍ കഴിയും. പൊതുവില്‍ കരിയിലെ പോലെയുള്ള നിറമാണ് പ്യൂപ്പക്ക്. എന്നാല്‍ വിരിയുന്നതിന്റെ തലേദിവസം മുകള്‍ ഭാഗത്ത് കറുപ്പു നിറം തെളിഞ്ഞു വരും. ശലഭത്തിന്റെ ചിറകിന്റെ നിറം ആണ് ഇങ്ങനെ കാണുന്നത് എന്ന് പിന്നെ മനസ്സിലായി.

ആ അറിവിന്റെ വെളിച്ചത്തിലാണ് Common Rose നെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്. പക്ഷെ അപ്പോഴും മനസ്സിലെ വലിയൊരു സ്വപ്‌നം യാഥാര്‍തഥ്യമാകാതെ ബാക്കിയുണ്ട്. എന്താണെന്നല്ലെ ? ഗരുഡന്‍ ശലഭം (Southern Birdwing ). ശരിക്കും വീട്ടിലെ ഗരുഡക്കൊടിയില്‍ ആദ്യം വിരിഞ്ഞു തുടങ്ങിയത് അതാണ്. പിന്നെ അങ്ങനെയൊരു സംഭവമേ ഇല്ലാതായി. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷമാണ് Common Rose വിരിഞ്ഞു തുടങ്ങിയത്. പിന്നെ കുറച്ച് നാള്‍ കഴിഞ്ഞ് ഗരുഡന്‍ ശലഭത്തിന്റെ പുഴുവിനെ ചെടിയില്‍ കണ്ടു തുടങ്ങിയെങ്കിലും വില്ലനായി വന്നൊരു ഉപ്പന്‍ എന്നും രാവിലെ വന്നു ഉള്ള പുഴുക്കളെയെല്ലാം അകത്താക്കിയിരുന്നത് കൊണ്ട് ആ ആഗ്രഹം ഒരു സ്പനമായി തന്നെ നിന്നു.

കഴിഞ്ഞ വര്‍ഷം (2014) ജൂലൈ മാസത്തില്‍ ഒരു ഞായറാഴ്ച ദിവസം കുറച്ച് മാക്രോ ഫോട്ടോസ് എടുക്കാനായി ഗരുഡക്കൊടിയുടെ ഇലകളില്‍ ചിലന്തികളെ തപ്പിനടക്കുവായിരുന്നു. അപ്പോഴാണ് ഇലകളില്‍ നിറയെ ഗരുഡന്‍ ശലഭത്തിന്റെ മുട്ടകള്‍ കണ്ടത്. സാധാരണപോലെ ഒന്നും രണ്ടും അല്ല. ഒത്തിരിയുണ്ട്. നമ്മുടെ പഴയ വില്ലന്‍ ആ ഉപ്പനെ കുറച്ച് നാളായി കാണാനില്ലാത്തത് കൊണ്ട് ചെറിയൊരു പ്രതീക്ഷയും തോന്നി. രണ്ടാഴ്ച കൊണ്ട് ഗരുഡക്കൊടി നിറയെപ്പുഴക്കളായി. ഓരോന്നും പരസ്പരം മത്സരിച്ചു വളരും പോലെ. പിന്നെ കുറച്ച് ദിസം കൂടി കാത്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന പുഴുവെല്ലാം പ്യൂപ്പയായി മാറി. പഴയ അറിവ് വെച്ച് എല്ലാദിവസും രാത്രി ടോര്‍ച്ചും എടുത്ത് പോയി നോക്കും കറുപ്പ് കാണുന്നുണ്ടോ എന്ന്. ആദ്യമൊക്കെ നിരാശയായിരുന്നു ഫലം. എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല ഒരു ദിവസം രാത്രി നോക്കുമ്പോ നാല് പ്യപ്പകളില്‍ കറുപ്പ് നിറം തെളിഞ്ഞു നില്‍ക്കുന്നു. ആഹാ അപ്പോള്‍ നാളെ രാവിലെ നാലെണ്ണം വിരിയും. അതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ സന്തോഷം അടക്കാന്‍ കഴിയുന്നില്ല. രാവിലെ 5 മണിക്ക് അലാം വെച്ച് ഉറങ്ങാന്‍ കിടന്നെങ്കിലും ഉറക്കം വരുന്നില്ല. നാളെ രാവിലത്തെ കാര്യമാണ് മനസ്സുമുഴുവന്‍. നാലെണ്ണം ഉണ്ടല്ലോ അപ്പം ഒരെണ്ണം വിരിയുന്നതിന്റെ വീഡിയോ ബാക്കിയുള്ളതിന്റെ ഫോട്ടോ എടുക്കാം എന്നുറപ്പിച്ച് ഉറങ്ങി. എങ്കിലും ഇടക്കിടക്ക് ഉണര്‍ന്ന് സമയം നോക്കും വീണ്ടും ഉറങ്ങും. നാലുമണിയോടടുത്ത് ഉണര്‍ന്നേപ്പിന്നെ ഉറങ്ങാന്‍ തോന്നിയില്ല. ക്യാമറയും ട്രൈപ്പോടും ഒക്കെ റെഡിയാക്കി കാത്തിരുന്നു. ഏതായിരിക്കും ആദ്യം വിരിയുക. അത് അറിയാനും ഒരു വഴിയുണ്ട്. വിരിയുന്നതിന് കുറച്ച് മുന്‍പ് പ്യൂപ്പയില്‍ ചെറിയൊരു പിളര്‍പ്പുണ്ടാകും. അത് വന്നിട്ടുണ്ടോ എന്ന് നാലെണ്ണത്തിലും മാറി മാറി നോക്കിയിരുന്നു. രാവിലെ ആറരമണിയായപ്പോള്‍ ഒരണ്ണെത്തില്‍ ചെറിയ പിളര്‍പ്പു കണ്ടു. അതിന്റെ വീഡിയോ എടുക്കാന്‍ തീരുമാനിച്ച് ക്യാമറ സെറ്റ്‌ചെയ്ത് ഒന്നു ഫോക്കസ് ചെയ്തപ്പോഴേക്കും സംഭവം വിരിഞ്ഞു തുടങ്ങി. ഒരു മൂന്ന് മിനിട്ടു നേരം കൊണ്ട് ആദ്യ അതിഥി പുറത്തെത്തി. ഏഴര മണി കഴിഞ്ഞപ്പോള്‍ ബാക്കി മൂന്നുപേരും കൂടിയെത്തി. നാലുപേരുടേയും വിവിധ പോസിലുള്ള ചിത്രങ്ങളെടുത്ത് പരിപാടി അവസാനിപ്പിച്ച് ക്യാമറ പായ്ക്കുചെയ്യുമ്പോള്‍ അറിയാതെ ഒരു പാട്ട് മൂളി . ഒരുപൂ മാത്രം ചോദിച്ചു, ഒരുപൂക്കാലം നീ തന്നൂ…

WATCH VIDEO

Leave a comment

error: © Bivin Lal Photography