© Bivin Lal Photography

ഭൂദേവീ

കല, കേവലമൊരു കരകൗശലമല്ല മറിച്ച് ഒരു കലാകാരന്റെ വൈകാരികാനുഭവങ്ങളുടെ പകര്‍ന്നുകൊടുക്കലാണ് എന്ന് കലയെ വിശേഷിപ്പിച്ചത് വിശ്വവിഖ്യാത നോവലിസ്റ്റ് ലിയോ ടോള്‍സ്‌റ്റോയി ആണ്. അദ്ദേഹത്തിന്റെ വാക്കുകളെ തീര്‍ത്തും അര്‍ത്ഥവത്താക്കുന്നതാണ് യുവ നര്‍ത്തകി ശ്രുതി ജയന്റെ ( Sruthy Jayan ) ഭൂദേവീ എന്ന നൃത്തനാടകം.

നിര്‍ഭയയെ(ഡല്‍ഹിയിലെ പെണ്‍കുട്ടി) കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനനിരോധനം, അത് മനസ്സില്‍ ഉളവാക്കിയ വൈകാരികതയുടെ സൃഷ്ടിയാണ് ഈ നൃത്തനാടകം എന്ന് ശ്രുതി പറയുമ്പോള്‍ ആ വൈകാരികത ഒരല്പംപോലും ചോര്‍ന്നുപോകാതെ ആസ്വാദകന് ഒരു അനുഭവമാക്കിമാറ്റുന്നതാണ് ഈ നൃത്തനാടകത്തിലുടനീളം ശ്രുതിയുടെ പ്രകടനം.

സര്‍വ്വംസഹയായ ഭൂമീദേവിയും നിര്‍ഭയയും തമ്മിലുള്ള സംഭാഷണത്തില്‍ ആരംഭിക്കുന്ന നൃത്തനാടകത്തില്‍ പ്രപഞ്ചോല്‍പ്പത്തി മുതല്‍ സര്‍വ്വസാക്ഷിയായ ഭൂമീദേവി, സ്ത്രീത്വത്തിന് നേരിടേണ്ടി വന്ന അപമാനത്തിന്റേയും കൊടിയ അനീതിയുടേയും ചിത്രം അനുഭവകഥകളിലൂടെ പങ്കുവക്കുന്നു.

ത്രേതായുഗത്തില്‍, സ്വന്തം പരിശുദ്ധിതെളിയിക്കുന്നതിന് അഗ്നിപരീക്ഷക്ക് നിര്‍ബന്ധിതയായി ഒടുവില്‍ ഭൂമിയില്‍ സ്വയം അലിഞ്ഞുചേരുന്ന സീത.
ദ്വാപരയുഗത്തില്‍, കരുത്തരും പോരാളികളും ധര്‍മ്മിഷ്ഠരുമായ അഞ്ചുപേര്‍ ഭര്‍ത്താക്കന്‍മാരായി ഉണ്ടായിരുന്നിട്ടും വസ്ത്രാക്ഷേപിതയായ പാഞ്ചാലി. ഇന്നില്‍ ക്രൂരപീഡനത്തിനിരയായി ജീവന്‍ പൊലിഞ്ഞ നിര്‍ഭയ. ഇതിനെല്ലാം സാക്ഷിയായ ഭൂദേവി.

ഈ കഥാപാത്രങ്ങളുടെയെല്ലാം അവതരണം പ്രധാനമായും ചടുലമായനൃത്തച്ചുവടുകള്‍ അടിസ്ഥാനമാക്കിയാണെങ്കിലും അഭിനയമികവിലൂടെ ഒരു സാധാരണ കാഴ്ചക്കാരനെപോലും തന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം നര്‍ത്തകി കൊണ്ടുപോകുന്നുണ്ട്.

കലാസ്വാദനത്തിന്റെ പുതിയതലങ്ങളിലേക്ക് പ്രേക്ഷകമനസ്സിനെ ഉയര്‍ത്തി ഇന്നും സ്ത്രീത്വം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ഉണര്‍ന്ന് ഒന്ന് ഉറക്കെ ചിന്തിക്കാന്‍ പ്രേരണയായി, ഒരു ഉണര്‍ത്തുപാട്ടായി മാറുന്നു ഭൂദേവീയെന്ന നൃത്തനാടകം

Leave a comment

error: © Bivin Lal Photography