അമ്പുകുത്തി മല
രണ്ട് കൊല്ലം മുന്‍പുള്ള ഒരു തണുത്ത പ്രഭാതം.
‘ബിവിനണ്ണാ എണീക്ക് മണി അഞ്ചര ആയി‘
ആരാ? എവിടെയാ? എന്താ? ഒരു വെളിവും ഇല്ല. തുറക്കുംതോറും കണ്ണുകള്‍ വീണ്ടും ഇരുട്ടിലേക്ക്. പക്ഷേ വിളിക്ക് അകമ്പടിയായി തോളിനിട്ട് രണ്ട് തള്ളു കൂടി കിട്ടിയപ്പോ വേറെ രക്ഷ ഇല്ലാതെ കണ്ണു തുറന്നു നോക്കി. തീരെ പരിചയം ഇല്ലാത്ത ഇടം. ഉറക്കം പതിയെ പടിയിറങ്ങിയപ്പോള്‍ മനസ്സിലായി. ഉം ഇപ്പോള്‍ വയനാട്ടിലാണ് അമ്പലവയലില്‍. പൂജാ ഹോളിഡേയ്സ് അടിച്ചുപൊളിക്കാന്‍ ഓഫീസിലെ സഹയന്മാരോടൊപ്പം ഇന്നലെ എത്തിയതാണ്. കാഴ്ചകള്‍ കാണുന്നതിനുമപ്പുറം കുറച്ചു നല്ല ഫോട്ടോകള്‍ അതും മുത്തങ്ങയില്‍ നിന്ന്, കുറഞ്ഞത് ആനകളുടെ ഒന്നോ രണ്ടോ ഫ്രെയിം അതാണ് എന്റെ ഉദ്ദേശ്യം. പക്ഷേ ആദ്യദിവസം മുത്തങ്ങയിലേക്കുള്ള യാത്രയില്‍ കിട്ടിയത് മാന്‍കൂട്ടത്തിന്റെ ഒരു ഫ്രെയിമും കടുത്ത നിരാശയുടെ കുറെയേറെ ഫ്രെയിമുകളും മാത്രം. പിന്നെ ആകെ ഒരു ആശ്വാസം തോന്നിയത് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ Aparna Ashok ദമ്പതികളെ അവിചാരിതമായിട്ടാണെങ്കിലും മുത്തങ്ങയില്‍ വച്ച് നേരില്‍ കാണാന്‍കഴിഞ്ഞു എന്നതായിരുന്നു.
രാത്രി റൂമില്‍ തിരിച്ചെത്തി കുളിയൊക്കെ കഴിഞ്ഞ് അത്താഴം കഴിക്കാനിറങ്ങുമ്പോഴക്കും ഉള്ളിലെ പടംപിടുത്തക്കാരന്‍ കടുത്ത നിരാശയില്‍ ബോധംകെട്ട് ഉറങ്ങി കഴിഞ്ഞിരുന്നു. ഒരു വീടിനോട് ചേര്‍ന്നുള്ള കടയില്‍ നിന്ന് നല്ല ഒന്നാന്തരം ഹോംലി അത്താഴം കഴിഞ്ഞ് തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ എന്റെ ഉള്ളിലെ നിരാശ മനസ്സിലാക്കിയിട്ടെന്നപോലെ ഒരു ചോദ്യം
‘ബിവിനണ്ണാ ഈ മലയില്‍ (അമ്പുകുത്തി മല) നിന്നും സൂര്യന് ഉദിച്ചു വരുന്നത് ഉഗ്രന്‍ ഫ്രെയിം അല്ലേ? ‘
വിനോദയാത്രക്ക് കൂടെയുള്ള സഹയന്മാരിലൊരാള് Sidharthന്റേതാണ് ചോദ്യം
അതുകേട്ടതും കടുത്ത നിരാശയില്‍ ബോധംപോയ പടംപിടുത്തക്കാരന്‍ പതിയെ കണ്ണുതിരുമ്മി എഴുന്നേറ്റിരുന്നു ചോദിച്ചു.
‘പക്ഷെ രാവിലെ എണീക്കണ്ടെ? അതും മുടിഞ്ഞ തണുപ്പ്‘
‘ഞാന്‍ വിളിക്കാം നിങ്ങള്‍ എഴുന്നേറ്റാല്‍ മതി‘
‘ഒന്നു കടുപ്പിച്ചു വിളിച്ചേക്കണേ, ഇല്ലേ ഞാന്‍ ഉണരൂല്ലാ‘
ആ വിളിയാണ് എന്റെ തോളില്‍ കടുപ്പിച്ചോണ്ടിരിക്കുന്നത്. പതിയെ എഴുന്നേറ്റ് ബാഗ് തുറന്ന് ക്യാമറയും ട്രൈപ്പോഡും എടുത്തു ഞാന്‍ നടുനിവര്‍ത്തിയപ്പോഴേക്കും പുള്ളിക്കാരന് ട്രൈപ്പോഡും എടുത്തു എന്നെ ടെറസ്സിലേക്ക് നയിച്ചു എന്നേക്കാളും വെളിവുണ്ട് എന്ന ഭാവത്തില്‍. രാവിലെ 5.40 ന് ക്യാമറയും സെറ്റ് ചെയ്ത് 6.20 വരെ കാത്തിരുന്നു. ഒടുവില്‍ മലമുകളിലേക്ക് എത്തിനോക്കുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഒപ്പിയെടുക്കുമ്പോള്‍ തോന്നിയ ആവേശത്തില്‍ തലേദിവസം തോന്നിയ നിരാശമുഴുവന്‍ എന്നില്‍ നിന്നും ഓടിഒളിക്കുമ്പോഴും എന്നേക്കാള്‍ ആവേശമുണ്ടായിരുന്നു നമ്മുടെ സഹയന്റെ മുഖത്ത്.