© Bivin Lal Photography

എന്നും വിസ്മയങ്ങള്‍ മാത്രം തീര്‍ത്ത ബാലഭാസ്‌കര്‍

വ്യക്തിപരമായി നൃത്തം ഉൾപ്പെടെ വേദിയിൽ അരങ്ങേറുന്ന കലാരൂപങ്ങളെല്ലാം കൂടുതൽ ഹൃദ്യമായി ആസ്വദിയ്ക്കാൻ തുടങ്ങിയത് ഫോട്ടോഗ്രാഫി ജീവിതത്തിൻ്റെ ഭാഗമായി മാറിയതോടെയാണ്. അതിനുമൊക്കെ എത്രയോ മുൻപ് തന്നെ ബാലഭാസ്കറിൻ്റെ ആരാധകനായി മാറിയിരുന്നു.

ഒരു പക്ഷേ ഫോട്ടോഗ്രാഫിയിൽ ഏതെങ്കിലും തരത്തിലുള്ള പരിശീലനം ലഭിക്കാത്തതു കാരണമാകും ഓരോ വേദിയും ഒരു പുതിയ പാഠമാണ്. അവതണരത്തിൻ്റെ, അത് എത് കലാരൂപമായാലും നല്ല നിമിഷങ്ങൾ തിരിച്ചറിയാനും പകർത്താനും കഴിയുന്നത് വേദിയും സദസ്സും എന്ന വേർതിരിവ് ഇല്ലാതായി ഒന്നായി മാറുന്ന ചില ധന്യനിമിഷങ്ങളുടെ ഭാഗമായി തീരുമ്പോഴാണ്. വേദിയിലെ കലാകാരൻ്റെ അല്ലെങ്കിൽ കലാകാരിയുടെ ഒറ്റക്കും കൂട്ടായും ഉള്ള അവതരണം അത് ഏറെ ഹൃദ്യമായി മാറുമ്പോൾ അതിൻ്റെ സ്വാധീനത്താൽ സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ് ചില നല്ല ചിത്രങ്ങൾ. ഇതുവരെ കാണാൻ അവസരം ലഭിച്ചിട്ടുണ്ടുള്ള അവതരണങ്ങളിൽ ഭൂരിഭാഗവും അത്തരത്തിൽ ഒരു അനുഭവം സമ്മാനിച്ചിട്ടുണ്ട്.

പക്ഷേ ബാലഭാസ്കർ എന്ന കലാകാരൻ ഒരു പടി കൂടി കടന്ന് വയലിനിൽ വിസ്മയം തീർത്ത് പലപ്പോഴും കയ്യിൽ ക്യാമറ ഉണ്ടെന്ന കാര്യം പോലും മറന്നു പോകുന്ന നിമിഷങ്ങളും സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാകും കേവലം ഒരു ആരാധനയ്ക്കപ്പുറം എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരാളായി ബാലു മാറിയത്.

മാജിക്കിലും ജീവിതത്തിലും ഗുരുസ്ഥാനത്തുള്ള രാജ മൂർത്തി സാറിനും ആദിക്കുമൊപ്പം M Show ൽ ബാലു എത്തിയതോടെ അത് വിസ്മയങ്ങളുടെ കൂടിച്ചേരലായി. M Show നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുള്ളവർക്ക് അത് പറയാതെ തന്നെ അറിയാം. അവർ മൂന്നു പേരും സ്വന്തം കഴിവുകൾ കൊണ്ടു വേദിയിൽ തീർത്ത വിസ്മയത്തിനൊപ്പം തന്നെയോ അതിലുമേറേയോ ഹൃദ്യമായത് അവർ തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും അടുപ്പവും കൊണ്ട് ഇഴചേർത്ത അവതരണ ശൈലിയാണ്‌. ഒരുവേള അത് ഒരു ഷോയുടെ അവതരണം ആണെന്ന കാര്യം പ്രേക്ഷകർ പോലും വിസ്മരിക്കുന്ന തരത്തിൽ അവർ അവരായി തന്നെ വേദിയിലെത്തി കുഞ്ഞു തമാശകളും തർക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി സമ്മാനിച്ചത് ഇന്നോളം മറ്റൊരു വേദിയിൽ നിന്നും ഏറ്റുവാങ്ങാൻ കഴിഞ്ഞിട്ടില്ലാത്ത നവ്യാനുഭവം

സ്റ്റേജ് പെർഫോമൻസിൻ്റെ ഒരു നല്ല ചിത്രം, അതു പകർത്തുന്ന ഫോട്ടോഗ്രാഫറെ പോലെ തന്നെ ആ ചിത്രത്തിൻ്റെ സൃഷ്ടിയിൽ അറിഞ്ഞോ അറിയാതെ പങ്കു വഹിക്കുന്ന ആളാണ് ആ പ്രോഗ്രാമിൻ്റ Light Execution നടത്തുന്ന കലാകാരൻ. മിക്ക ഫോട്ടോഗ്രാഫർമാരും ഇക്കാര്യത്തെക്കുറിച്ചു ധാരണയുള്ളവരാണ്. ഒരു നല്ല ചിത്രം കണ്ടാൽ, അതെടുത്ത ഫോട്ടോഗ്രാഫറോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആ ചിത്രം പങ്കുവെക്കുന്നവരാണ് മിക്ക സ്റ്റേജ് ആർട്ടിസ്റ്റുകളും. അക്കൂട്ടത്തിൽ ആരും തന്നെ Light Execution നടത്തുന്ന കലാകാരൻമാരെ Mention ചെയ്യുന്നതോ നന്ദി പ്രകടിപ്പിച്ച് Comment ചെയ്യുന്നതോ നാളിതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെ ചെയ്യുന്ന ഒരേ ഒരു കലാകാരനെ മാത്രമേ എനിക്കറിയൂ… ബാലഭാസ്കർ.

Leave a comment

error: © Bivin Lal Photography